Pages

Thursday, May 20, 2010

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01

മാധ്യം ദിനപത്രത്തില്‍ (Thursday, May 20, 2010) പി.കെ.പ്രകാശിന്റെ ലേഖനപരമ്പര ഇവിടെ കട്ടെഴുതുന്നു.

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.


ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ മത^ജാതി വിഭാഗങ്ങള്‍ പത്രങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ് വിഭാഗവുമായി ബന്ധപ്പെട്ടാണ് 'മലയാള മനോരമ' ആരംഭിച്ചത്. കോണ്‍ഗ്രസ് അനുകൂലവും കമ്യൂണിസ്റ്റ് വിരുദ്ധവുമായി, മലബാര്‍ജില്ലയിലെ നായന്മാരുടെ പത്രമായാണ് 'മാതൃഭൂമി'യുടെ തുടക്കം (ഓണ്‍ലൈന്‍ വിജ്ഞാനകോശം 'വിക്കിപീഡിയ'). 'കേരളകൌമുദി' ഈഴവ വിഭാഗത്തിന്റെ പത്രമാണ്. ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും പത്രം ആകാം. മുസ്ലിംകള്‍ക്ക് അത് പാടില്ല. മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പൊതുവ്യക്തിത്വങ്ങള്‍ ജോലിചെയ്യരുത്, എഴുതരുത്. ഈയിടെയായി 'മാതൃഭൂമി' മലയാളത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രചാരണമാണിത് (ഇന്റലക്ച്വല്‍ ജിഹാദ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 മെയ് 16^22).

1921 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നടന്ന മലബാര്‍സമരം മുതല്‍ ഇന്നുവരെ സാമൂഹികപ്രശ്നങ്ങളില്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന മുഖമായാണ് 'മാതൃഭൂമി' പ്രവര്‍ത്തിച്ചത്. മുസ്ലിം^ക്രൈസ്തവ^കമ്യൂണിസ്റ്റ് വിരുദ്ധതയാണ് എന്നും അതിനെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണസമയത്ത് 'മാതൃഭൂമി'യുടെ മുസ്ലിം വിരുദ്ധത ഉച്ചകോടിയിലെത്തി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ ക്രിസ്ത്യന്‍വിരോധമായിരുന്നു മുഖമുദ്ര. തുടക്കം മുതല്‍ ഇന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധത പത്രത്തിന്റെ പ്രഖ്യാപിതനയമാണ്. ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇങ്ങനെയൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മറക്കുന്നില്ല.

കേരള സമൂഹത്തില്‍ സംഘ്പരിവാറിന് വേണ്ടി 'മാതൃഭൂമി' നടത്തിയ കര്‍സേവയുടെ തെളിവാണ് ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇറക്കിയ 'ദക്ഷ' എന്ന പ്രസിദ്ധീകരണം. കേരളത്തിലെ സംഘടനാവളര്‍ച്ചയെക്കുറിച്ച്  ആര്‍.എസ്.എസ് തയാറാക്കിയ  'ആര്‍.എസ്.എസ് ആന്‍ഡ് ഹിന്ദു നാഷനലിസം' എന്ന പഠനത്തില്‍ സംഘം മുഖപത്രമായ 'കേസരി'യേക്കാള്‍ 'മാതൃഭൂമി' ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് എടുത്തുചേര്‍ത്തിരിക്കുന്നത്. 1959ലെ വിമോചനസമരം, 1968 ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969 ലെ മലപ്പുറംജില്ലാ വിരുദ്ധസമരം, 1978 ലെ പാലുകാച്ചിമല സമരം, 1980^'81 ലെ ഇടത്സര്‍ക്കാര്‍ വിരുദ്ധസമരങ്ങള്‍, 1983ലെ നിലക്കല്‍പ്രക്ഷോഭം, 1986ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവയില്‍ 'മാതൃഭൂമി' വഹിച്ച പങ്ക് ഈ പഠനഗ്രന്ഥവും 'ദക്ഷ'യെന്ന ആര്‍.എസ്.എസ് സപ്ലിമെന്റും എടുത്തുകാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് 'മാതൃഭൂമി'യില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. അത് കേളപ്പനും സംഘ്പരിവാറും ഏറ്റെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിച്ചത്^'മാതൃഭൂമി' അസി.എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്ത് 'ദക്ഷ'യില്‍ വിവരിക്കുന്നു.  ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് ശിവലിംഗം പ്രത്യക്ഷപ്പെട്ടതും അതിനെതിരെ മുസ്ലിംകള്‍ രംഗത്ത് വന്നതും അത് ഒരു പ്രക്ഷോഭമായി 'മാതൃഭൂമി' വളര്‍ത്തിയെടുത്തതും വിവരിച്ച് തളിസമരത്തില്‍ പത്രം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇ.എം.എസ് കേളപ്പനെയും സംഘ്പരിവാറിനെയും കൊറാത്തിനെയും അപലപിച്ച് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചു. ഇതിനെതിരെ ''ഈ കുരങ്ങുകളിപ്പിക്കല്‍ നിര്‍ത്തണം'' എന്ന മാതൃഭൂമി മുഖപ്രസംഗവും കൊറാത്ത് അനുസ്മരിക്കുന്നുണ്ട്.

'ദക്ഷ'യില്‍തന്നെ സംഘ്പരിവാറിന്റെ സാംസ്കാരികസംഘടനയായ 'തപസ്യ'യുടെ ചരിത്രമുണ്ട്. 1976ല്‍ കോഴിക്കോട്ടെ അളകാപുരിയില്‍ ആര്‍.എസ്.എസിന്റെ ഈ സാംസ്കാരികസംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് 'മാതൃഭൂമി'പത്രാധിപര്‍ കെ.പി കേശവമേനോന്‍ ആയിരുന്നു. വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ള 'മാതൃഭൂമി'യുടെ നിരവധി എഡിറ്റര്‍മാര്‍ ഇതിന്റെ മുന്‍നിര സംഘാടകരായിരുന്നു. ഇന്നും ഈ സംഘ്പരിവാര്‍ സംഘടനയുമായി യോജിച്ചാണ് 'മാതൃഭൂമി' എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തത് 1979 ലാണ്. കേരള വനവാസി വികാസ കേന്ദ്രം എന്നാണ് അതിന്റെ പേര്. ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജി അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങള്‍ 'മാതൃഭൂമി'യില്‍ പ്രധാന വാര്‍ത്തയായി.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളം കണ്ട എക്കാലത്തെയും മികച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭകനായ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബ്  അല്‍അമീന്‍ പത്രം തുടങ്ങേണ്ടി വന്നതിനു പിന്നില്‍ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുണ്ടായിരുന്നു. മാപ്പിളമാരുടെയും അവര്‍ണരുടെയും ശബ്ദമുയരണമെങ്കില്‍ മറ്റൊരു പത്രം വേണമെന്ന് അനുഭവത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പഠിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന മലബാര്‍മുസ്ലിംകളെ ക്രിമിനല്‍ സമൂഹമായി മുദ്രകുത്തുന്ന നിയമത്തെ,  ആ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അത് കണ്ടില്ലെന്ന് നടിച്ചു. 'അല്‍അമീനെ'തിരെ അക്കാലത്ത് തന്നെ മാതൃഭൂമി ഇന്ന് നടത്തുന്ന അതേ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 1939 സെപ്റ്റംബര്‍ 20 ന് അല്‍^അമീന്‍ സര്‍ക്കാര്‍ നിരോധിക്കുന്നത് വരെ 'മാതൃഭൂമി'യുടെ ഈ മുസ്ലിംമാധ്യമ വിരുദ്ധസമീപനം തുടര്‍ന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാന്‍ എന്ന് വിളിച്ച് എതിര്‍പ്പിന് ആസൂത്രിതരൂപം കൊടുത്തത് 'മാതൃഭൂമി'യായിരുന്നു.

മലബാര്‍ കലാപസമയത്ത് സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്‍ സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാടിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചെന്ന് 1946 ഒക്ടോബര്‍ 27ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ തന്നെ എഴുതി. ''കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. 'കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ' എന്ന മുദ്രാവാക്യം ജനക്കൂട്ടം ഉയര്‍ത്തി. സ്വീകരണക്കാര്‍ ഇട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൌണ്‍ഹാളിലും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായിരുന്നു ജനങ്ങള്‍''.

ഇത് എന്തുകൊണ്ട് സംഭവിച്ചു? മലബാര്‍സമര കാലത്തും ഖിലാഫത്തുകാരെ പട്ടാളം വേട്ടയാടിയപ്പോഴും നിശബ്ദത പാലിക്കുകയും സമരത്തിനു ശേഷം ഖിലാഫത്തുകാരെയും മുസ്ലിംകളെയും വിമര്‍ശിക്കുകയും ചെയ്ത കേശവമേനോന് ജനം മാപ്പ് കൊടുത്തില്ല. പത്രത്തിലൂടെ പ്രകടിപ്പിച്ച മുസ്ലിംവിരോധവും ഹിന്ദുപക്ഷപാതവും മുസ്ലിംകള്‍ക്കെതിരെ ഗാന്ധിജിയെ തിരിച്ചുവിട്ടതും ജനങ്ങള്‍ക്ക് രസിച്ചില്ലെന്ന് തുറന്ന് പറഞ്ഞത് മലബാര്‍ സമരനായകനായിരുന്ന എം.പി നാരായണമേനോന്‍ തന്നെയായിരുന്നു. കെ.പി കേശവമേനോനെപ്പോലുള്ള ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ ഏറനാട്ടില്‍ പോകാന്‍ ഭയപ്പെട്ടത്, കുടിയാന്‍സമരങ്ങളില്‍ ജന്മിമാരുടെ ഭാഗം പത്രങ്ങളിലും കോടതികളിലും വാദിച്ചിരുന്നവര്‍ ഇവരായതു കൊണ്ട് ജനങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതാണെന്നും എം.പി. നാരായണമേനോന്‍ തുറന്ന്പറഞ്ഞിട്ടുണ്ട്. സ്ഥാപക പത്രാധിപരുടെ ഈ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ അനുകൂലനിലപാടുമാണ് പിന്നീടും കേരളം കണ്ടത്. ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സ്ഥാപക സമ്മേളനത്തില്‍ 'മാതൃഭൂമി' പത്രാധിപര്‍ അധ്യക്ഷത വഹിച്ചത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തില്‍ ഇ.എം.എസ് എഴുതി : ''ഹിന്ദു^മുസ്ലിം ബഹുജനങ്ങളെ യോജിപ്പിക്കുന്ന സമരപരിപാടികളെയെല്ലാം അവര്‍ എതിര്‍ത്തു. മാത്രമല്ല, ദേശീയതയുടെ പേരില്‍ മുസ്ലിം ബഹുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഹിന്ദുസമുദായ മേധാവിത്വത്തെ ശക്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ്നേതാക്കള്‍ ഹിന്ദുസമുദായവാദികളും മുസ്ലിംവിരോധികളുമായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്നേതൃത്വം ആകെ ബഹുജന സമരങ്ങളെ എതിര്‍ത്തതുമാണ് ലീഗിന്റെ വളര്‍ച്ചയെ ഈ വഴിക്ക് തിരിച്ച് വിട്ടത്''. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും വേണ്ടി മലബാര്‍സമരത്തെ ഒറ്റുകൊടുത്ത പത്രവും പത്രാധിപരും ദേശീയസമരത്തിന്റെ പത്രവും നേതാവുമായി സ്വയം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രക്ഷോഭം എന്നിവയുടെ നേതൃത്വം മാതൃഭൂമി അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. വൈക്കം ക്ഷേത്രപ്രക്ഷോഭത്തിന്റെ പിന്നിലെ കളികള്‍ പിന്നീട് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുറന്നെഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'യങ ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മഹാത്മാഗാന്ധിയും കേശവ മേനോനെപ്പോലുള്ള ഹിന്ദുനേതാക്കളും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജോര്‍ജ് ജോസഫ് പിന്നീട് 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറി'ല്‍ എഴുതി : ''വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ബന്ധമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുവഴിയിലൂടെ നടക്കുന്നതില്‍ നിന്ന്, ആ വഴി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് എന്ന കാരണം കൊണ്ടുമാത്രം അസ്പൃശ്യരെ തടയാന്‍ പാടുണ്ടോ എന്നതായിരുന്നു വിഷയം''. ജാതിചൂഷണവും പീഡനവും സഹിക്കാതെ ദലിത് വിഭാഗങ്ങള്‍ ക്രിസ്തു^ബുദ്ധ മതങ്ങളിലേക്ക് മാറുന്ന സാഹചര്യമായിരുന്നു അന്ന്. അത് തടയാനും ദലിതുകളെക്കൂടി ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടല്‍ കൂടിയായിരുന്നു അതെന്ന് ചരിത്രരേഖകള്‍ സഹിതം ജോര്‍ജ് ജോസഫ് തെളിയിച്ചു. ജോര്‍ജ് ജോസഫ് എഴുതിയ കത്തിന് മറുപടിയായി അംബേദ്കര്‍ അന്നെടുത്ത നിലപാടും ഇത് തെളിയിക്കുന്നു. ദലിതുകള്‍ ക്ഷേത്ര പ്രവേശനത്തിന് വെമ്പല്‍ കൊള്ളേണ്ടതില്ല. ഹിന്ദുക്കള്‍ അവരുടെ അഹങ്കാരം മൂലം ഒഴിവാക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്തിന് അസ്പൃശ്യര്‍ ആവശ്യപ്പെടണം എന്നായിരുന്നു അംബേദ്കറുടെ ചോദ്യം. ദലിതുകളെ ഹിന്ദുദലിത് ആക്കി മാറ്റാന്‍ അവരെക്കൂടി ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഈ നടപടികളെയെല്ലാം സ്വന്തം വഞ്ചന മറച്ചുവെച്ച്, ചരിത്രത്തിന്റെയോ രേഖകളുടേയോ പിന്‍ബലമില്ലാതെ  അവകാശവാദങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയാണ് 'മാതൃഭൂമി'യും ശില്‍പികളും ചെയ്തത്.

ഇത് പിന്നീടും തുടര്‍ന്നു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ 'മാതൃഭൂമി'യും ഹിന്ദുത്വശക്തികളും സടകുടഞ്ഞെഴുന്നേറ്റു. യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് ആരോപിച്ച് സമരവുമായി രംഗത്തിറങ്ങി. തമിഴ്നാട്ടുകാരനായ ഡോ. ഗനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. ശരീഅത്ത് വിവാദ കാലത്ത് മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധത അതിന്റെ പരകോടിയില്‍ എത്തി. ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമായി അവതരിപ്പിച്ചു. ഏറ്റവും അവസാനം ലൌ ജിഹാദും ഇന്റലക്ച്വല്‍ ജിഹാദും വഴി മുസ്ലിം സമുദായത്തിന് എതിരായി സംഘ്പരിവാര്‍ തലത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് 'മാതൃഭൂമി' തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ ബിംബങ്ങളെയും 'മാതൃഭൂമി' എങ്ങനെയാണ് കൊണ്ടാടുന്നതെന്ന് തുറന്നെഴുതിയത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററായ കമല്‍ റാം സജീവ് തന്നെ. 'ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി : ''പ്രാദേശിക ക്ഷേത്രോല്‍സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ട് തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ച് പോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്കുകളില്‍ പെരുകി വരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന ഓഫിസ് രാഷ്ട്രീയവും ഭയാനകമാണ്''.

ഇത് എഴുതിയ ആള്‍ തുടര്‍ന്ന് 'മാധ്യമം' പത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതി : ''ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ പരിസരങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഈ സന്ദര്‍ഭത്തില്‍ കേരളവും ചരിത്രത്തോട് മുഖം തിരിച്ച് നിന്നില്ല. 'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടണ്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു''. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്റര്‍ തന്നെ 'മാധ്യമ'ത്തെക്കുറിച്ച് എഴുതിയ വസ്തുതകളുടെ പേരില്‍ മാധ്യമം മാതൃഭൂമിയുടെ ആക്രമണത്തിന് ഇരയാകുന്നത് എന്തുകൊണ്ട്?
(തുടരും)
മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01SocialTwist Tell-a-Friend

2 comments:

  1. in my case from mathrubhumi is the paper started reading news paper, but later means when I grown up, I found each news has little variations when it comes through this news source, but however I was unable to think about other available news papers in kerala, because of print clarity or reporting styles and advertising features, then temperorily I had made a change,now I know how beautifully madhyamam doing this job, and helping for keeping a healthy relation between different community in kerala, if nadhyamam is there, others will not deviate the news as per their favour, they realised one more source is there, to make correction

    ReplyDelete
  2. in my case from mathrubhumi is the paper started reading news paper, but later means when I grown up, I found each news has little variations when it comes through this news source, but however I was unable to think about other available news papers in kerala, because of print clarity or reporting styles and advertising features, then temperorily I had made a change,now I know how beautifully madhyamam doing this job, and helping for keeping a healthy relation between different community in kerala, if nadhyamam is there, others will not deviate the news as per their favour, they realised one more source is there, to make correction

    ReplyDelete