Pages

Monday, June 7, 2010

ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍


(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 01 Nov 2009-നു സി. ജയ്കിഷന്‍ 'ഒറ്റപ്പെണ്‍പട്ടാളം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.)

''അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും'' - സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. ''അവള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറനയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും''.


2006 ഒക്ടോബറില്‍ ന്യൂഡല്‍ഹി 'എയിംസി'ല്‍ നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചശേഷമായിരുന്നു എബാദിയുടെ ഈ രോഷപ്രകടനം. ഇനിയും അണഞ്ഞിട്ടില്ലാത്ത സമരജ്വാലയായി ഇറോം ഷര്‍മിള ഇപ്പോഴും മണിപ്പുരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലില്‍ പോലീസ് കസ്റ്റഡി വാര്‍ഡില്‍. ഷര്‍മിളയുടെ നിരാഹാരം നവംബര്‍ രണ്ടിന് പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

നമ്മുടെ കാലത്തിന് ഒരു തരത്തിലും യോജിക്കാത്ത പോരാട്ട ജീവിതം. അസാധാരണത്വം നിറഞ്ഞ നിശ്ചയദാര്‍ഢ്യം. സഹനസമരത്തിന്റെ തീക്ഷ്ണത. നിസ്സഹായര്‍ നടന്നുനീങ്ങുന്ന ഇരുണ്ട നെടുമ്പാതകളില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരികൊളുത്തിവെക്കുകയാണ് ഇറോം ഷര്‍മിള. ജയിക്കുമോ എന്ന് ഉറപ്പില്ലാത്ത യുദ്ധം.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ച് മൂക്കിലൂടെ കടത്തിയ കുഴലിലൂടെ ഇറ്റുന്ന ദ്രവാഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലുന്തോറും ഈ സമരത്തില്‍ നിന്ന് അധികൃതര്‍ മുഖം തിരിക്കുകയാണ്. സോദരാ എത്രനാള്‍ നിങ്ങളത് കണ്ടില്ലെന്ന് നടിച്ച് തിരിഞ്ഞു നടക്കുമെന്ന 'പഴയനിയമ'ത്തിലെ ചോദ്യത്തിന് ഇനി കാലം മറുപടി പറയേണ്ടിവരും.



കിരാതനിയമത്തിനെതിരെ


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊടുത്ത സായുധസേന പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്‌സ്​പ)യാണ് ഇറോം ഷര്‍മിളയുടെ പോരാട്ടം. 1980 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച 'അഫ്‌സ്​പ'. സംശയം തോന്നിയാല്‍ ആര്‍ക്കുനേരെയും ബലം പ്രയോഗിക്കാനും വെടിവെക്കാനും വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ 'അഫ്‌സ്​പ' വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പിലായശേഷം മണിപ്പുരില്‍ ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ ഇതിലുമെത്രയോ ഏറെ. നിയമം നടപ്പാക്കുമ്പോള്‍ മണിപ്പുരിലെ തീവ്രവാദി സംഘടനകളുടെ എണ്ണം അഞ്ചില്‍ താഴെ. ഇപ്പോഴത് ഇരുപത്തിയഞ്ചോളം വരുമെന്ന് പോലീസ്. അപ്പോള്‍ പിന്നെ 'കിരാതനിയമം'കൊണ്ട് എന്തു പ്രയോജനം? അതുതന്നെയാണ് ഇറോംഷര്‍മിളയും ചോദിക്കുന്നത്. 

പുതിയ കാലത്തെ ചെറുപ്പത്തിന് ഒരു പ്രഹേളികയായിരിക്കും ഇറോം ഷര്‍മിളയുടെ ജീവിതം. ഇറോം ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവളോ എന്ന് അവര്‍ അത്ഭുതം കൂറിയേക്കാം. മണിപ്പുരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ പിറന്ന ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. ഇറോം നന്ദയുടെയും സതിദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. സാമ്പത്തിക പ്രയാസം മൂലം പ്ലസ്ടു കഴിഞ്ഞ് പഠനം നിര്‍ത്തി. കുട്ടിക്കാലം തൊട്ടേ അസാമാന്യ മനോധൈര്യം കാട്ടിയെന്ന് സഹോദരി വിജയന്തിയും സഹോദരന്‍ സിംഘജിത്തും പറയും. യോഗയിലും നാച്ച്വറോപ്പതിയിലും അതീവ താത്പര്യമായിരുന്നുവെന്ന് സുഹൃത്തുക്കള്‍. മണിപ്പുരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതിത്തെളിഞ്ഞ യുവ കവയത്രി. എന്നാലിന്ന് നാട്ടുകാര്‍ക്ക് ആ പെണ്‍കുട്ടി വെറും ഇറോം ചാനു ഷര്‍മിളയല്ല, മണിപ്പുരിന്റെ ഉരുക്കു വനിതയാണ്.



2000 നവംബര്‍ 02


മണിപ്പുരിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്ന്. ഇംഫാല്‍ വിമാനത്താവളത്തിനടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അതായിരുന്നു പ്രകോപനം. അന്നു വൈകിട്ട് റോഡരികിലെ ബസ് ഷെല്‍ട്ടറില്‍ കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്കുനേരെ അസം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവെപ്പു നടത്തി. 10 നിരപരാധികള്‍ സംഭവസ്ഥലത്തു മരിച്ചുവീണു. മണിപ്പുരിനെ സംബന്ധിച്ചിടത്തോളം അത് പുതുമയായിരുന്നില്ല. യൂണിഫോമണിഞ്ഞ നരാധമന്‍മാര്‍ അതിനും മുമ്പേ കൂട്ടക്കുരുതികള്‍ ഏറെ നടത്തിയിരുന്നു.

ഒരു സമാധാനറാലിയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍മിള അവിടെ എത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് നടുങ്ങിപ്പോയെന്ന് അവര്‍ പിന്നീട് പറഞ്ഞു. മരണം സ്വയം വരിക്കാനുള്ള കരുത്ത് അവിടെനിന്നാണ് ലഭിച്ചത്. നിരപരാധികള്‍ക്കുനേരെയുള്ള സേനയുടെ കടന്നുകയറ്റം തടയാന്‍ വേറെ വഴികളില്ലായിരുന്നു -അവര്‍ പറയുന്നു.

എന്തുകൊണ്ട് മരണംവരെ നിരാഹാരം എന്ന ചോദ്യത്തിന് ഇറോം ഷര്‍മിളയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. 'നിരാഹാരം ആത്മീയതയില്‍ അധിഷ്ഠിതമാണ്. ശരീരം എനിക്ക് പ്രശ്‌നമല്ല. നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാനുള്ളവരാണ്. മണിപ്പുരിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് എന്റെ സമരം. ഇത് വ്യക്തിപരമായ ഒരു പോരാട്ടമായി കാണരുത്. ഇതൊരു പ്രതീകമാണ്. സത്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം.''

അന്നുതൊട്ട് ഇറോം ഷര്‍മിളയ്ക്ക് തന്റെ മെലിഞ്ഞ ശരീരം യുദ്ധഭൂമിയായി. നിരാഹാരസമരം തുടങ്ങി ദിവസങ്ങള്‍ക്കകം പരിക്ഷീണിതയായ ഇരുപത്തിയെട്ടുകാരിയെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്തൊക്കെ സമ്മര്‍ദങ്ങളുണ്ടായിട്ടും ഒരു തുള്ളി വെള്ളംപോലും ഇറക്കാന്‍ ഷര്‍മിള സമ്മതിച്ചില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അതു തുടരുന്നു. ഉണങ്ങിയ പരുത്തികൊണ്ട് പല്ലുകളും ചുണ്ടും വൃത്തിയാക്കും. അഴിച്ചിട്ട മുടി ഒമ്പതു വര്‍ഷമായി ചീകിയിട്ടില്ല. ഇറോം ഷര്‍മിളയ്ക്കിപ്പോള്‍ പ്രായം 37. സ്വയം തിരഞ്ഞെടുത്ത പീഡനമുറകളെത്തുടര്‍ന്ന് ശരീരം ശോഷിച്ചു. മുഖത്ത് കാലം തീര്‍ത്ത വിരല്‍പ്പാടുകള്‍. ചെറുപ്പത്തിലേ വാര്‍ധക്യം വരിച്ച ജീവിതം.



ഭീതി നിറയുന്ന മണിപ്പുര്‍


സമരമിങ്ങനെ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയുമാണ് മണിപ്പുരിന്റെ മുഖമുദ്രയായി മാറുന്നത്. ആര്‍ക്കും എന്തും സംഭവിക്കാമെന്ന അവസ്ഥ. ജനങ്ങളില്‍ നിരാശ നിഴലിടുന്നു. ഗ്രാമങ്ങളില്‍നിന്നും ഒട്ടേറെപ്പേര്‍ പേടിച്ച് വീടുവിട്ടുപോയി. വികസനമില്ല, വൈദ്യുതിയില്ല. എല്ലാവരും പരസ്​പരം ഒളിച്ചുകളിയിലാണ്; സര്‍ക്കാറും സേനയും തീവ്രവാദികളും.

മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ക്ക് മണിപ്പുരില്‍ ഒരു പഞ്ഞവുമില്ല. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, കാണാതാവുന്ന ആണ്‍കുട്ടികള്‍, എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും... ഇന്റര്‍നെറ്റില്‍ പരതിനോക്കുക, ഇത്തരം സംഭവങ്ങളുടെ വിവരങ്ങളും നടുക്കുന്ന ചിത്രങ്ങളും നിങ്ങളുടെയും ദൃശ്യപഥത്തിലെത്തും.

ഇറോം ഷര്‍മിള നടത്തുന്ന പോരാട്ടം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പക്ഷേ 'അഫ്‌സ്​പ' പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാം പാളി. ഇപ്പോള്‍ എല്ലാ വര്‍ഷവും ചടങ്ങുപോലെ ഒരു തവണ ഷര്‍മിളയെ തടങ്കലില്‍നിന്ന് മോചിപ്പിക്കും. എന്നാലവര്‍ പുറത്ത് വീണ്ടും നിരാഹാരം തുടങ്ങുന്നതോടെ വീണ്ടും അറസ്റ്റ്‌ചെയ്ത് ജയിലിലടയ്ക്കും.

സമരം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ഇറോമിന്റെ സഹോദരന്‍ സിംഘജിത്ത് 2006 ഒക്ടോബറില്‍ അവരെ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ഡല്‍ഹിയിലേക്ക് ഒളിച്ചുകടത്തി. ജന്തര്‍മന്തറിനു മുന്നില്‍ മൂന്നു ദിവസത്തെ നിരാഹാരം. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നടക്കുന്ന ഫാഷന്‍ഷോയ്ക്കും ക്യാറ്റ്‌വാക്കിനും കൊടുക്കുന്ന പ്രാധാന്യംപോലും മിക്ക ദേശീയ മാധ്യമങ്ങളും ഈ സമരത്തിന് നല്‍കിയില്ല. ക്രൂരവിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. പിന്നാലെ അര്‍ധരാത്രി പോലീസ് റെയ്ഡ് നടത്തി 'ആത്മഹത്യയ്ക്കു ശ്രമിച്ചതിന്' ഷര്‍മിളയെ അറസ്റ്റുചെയ്ത് ആസ്​പത്രിയിലാക്കി. ആസ്​പത്രിക്കിടക്കയില്‍വെച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അവര്‍ കത്തുകളെഴുതി. പക്ഷേ, മറുപടി ഇല്ലായിരുന്നു. ഇറോമിന്റെ ശബ്ദം കാന്തികശക്തിയുള്ളതും ധാര്‍മികതയില്‍ ഊന്നിയതുമാണ്. അക്രമാസക്തമോ സംഹാരാത്മകമോ അല്ല. അതുകൊണ്ടുതന്നെ അധികൃതര്‍ക്ക് അനായാസം മുഖംതിരിക്കാനും കഴിയുന്നു. ഏതെങ്കിലും സുസംഘടിതമായ പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയസംഘടനകളുടെയോ പിന്‍ബലം ഈ സമരത്തിനില്ല. വീരപരിവേഷമോ പ്രശസ്തിയുടെ വെള്ളിവെളിച്ചമോ തേടി നിങ്ങള്‍ ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചാല്‍ നിരാശപ്പെടും. തനിക്കു ചുറ്റും കണ്ട മരണപരമ്പരകളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണത്.

''പോരാട്ടത്തിനിറങ്ങിക്കഴിഞ്ഞു. ഇനി എന്റെ സഹോദരി മരിച്ചാലും ലക്ഷ്യം കാണുകതന്നെ വേണം''-ഷര്‍മിളയുടെ സഹോദരന്‍ സിംഘജിത്ത് പറയുന്നു. മധ്യവയസ്സിലെത്തിയ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചാണ് ഇംഫാലിലെ ജെ.എന്‍.ആസ്​പത്രിയില്‍ സഹോദരിക്ക് കൂട്ടിരിക്കുന്നത്. ഭാര്യ നെയ്ത്തുജോലിയിലൂടെ സമ്പാദിക്കുന്ന 150 രൂപയാണ് ഏക വരുമാനമാര്‍ഗം. ''അവള്‍ നിരാഹാരം തുടങ്ങുന്നതിനുമുമ്പ് ഞാനറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. അവളുടെ ശരീരം ഇങ്ങനെ ശോഷിക്കാന്‍ അനുവദിക്കില്ലായിരുന്നു. നമ്മള്‍ ഏറെ പഠിക്കാനുണ്ട്. എങ്ങനെ സംസാരിക്കണം, എങ്ങനെ ചര്‍ച്ചകളിലിടപെടണം.....സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും അറിഞ്ഞുകൂടാ, ഞങ്ങള്‍ പാവങ്ങളാണ്....''-അദ്ദേഹം സങ്കടത്തോടെ പറയുന്നു.
ഇറോം ഷര്‍മിള സമരം തുടങ്ങിയതില്‍ പിന്നെ താനവളെ കണ്ടിട്ടില്ലെന്ന് അമ്മ സതിയും പറയുന്നു. ''ഞാന്‍ കരഞ്ഞുപോകും....അത് അവളെയും സങ്കടത്തിലാക്കും. സമരം തീരുന്നവരെ ഞാന്‍ അവളെ കാണില്ല''-നിരക്ഷരയായ ആ സ്ത്രീ വിറയാര്‍ന്ന സ്വരത്തില്‍ പറയുന്നു.

വൈദ്യശാസ്ത്രത്തിലെ അത്ഭുതമെന്നാണ് ഇറോം ഷര്‍മിള ഇപ്പോഴും ജീവിച്ചിരിക്കുന്നതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. മനോധൈര്യം, നിശ്ചയദാര്‍ഢ്യം....അതു രണ്ടുമാണ് അത്ഭുതം സൃഷ്ടിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അമ്മയാണ് തന്റെ ശക്തിയെന്ന് ഇറോം ഷര്‍മിള പറയും. ദിവസം തുടങ്ങുന്നത് അമ്മയ്ക്കായി പ്രാര്‍ഥിച്ച്, അതുകഴിഞ്ഞ് ചില യോഗാഭ്യാസമുറകള്‍, വായന....ദിവസങ്ങള്‍ അങ്ങനെ കൊഴിയുന്നു.



പുകയുന്ന പ്രതിഷേധം


ഇറോംഷര്‍മിളയുടെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന സത്യാഗ്രഹത്തെ തിരിച്ചറിയുന്നതില്‍ രാജ്യം പരാജയപ്പെടുന്നത് വടക്കുകിഴക്കന്‍ മേഖലയുടെ മനസ്സില്‍ പ്രതിഷേധം പുകയ്ക്കുന്നുണ്ട്. തീവ്രവാദിയെന്ന് ആരോപിച്ച് അസംറൈഫിള്‍സ് അറസ്റ്റ് ചെയ്ത മനോരമാദേവിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ടെത്തിയപ്പോള്‍ അത് തിരിച്ചറിഞ്ഞതാണ്. മണിപ്പുര്‍ പ്രതിഷേധ കൊടുങ്കാറ്റില്‍ ഇളകിമറിഞ്ഞു. 30 സാധാരണ സ്ത്രീകള്‍ അസംറൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ വിവസ്ത്രരായി ശബ്ദമുയര്‍ത്തി. 'ഇന്ത്യന്‍ പട്ടാളമേ, ഞങ്ങളെക്കൂടി മാനഭംഗപ്പെടുത്തിക്കോളൂ' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. പ്രതിഷേധിച്ച 30 സ്ത്രീകളെയും മൂന്നു മാസം ജയിലിലടച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.

മനോരമാദേവിവധത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ഉപേന്ദ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. 'അഫ്‌സ്​പ' പുനരവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശപ്രകാരംരൂപവത്കരിച്ച ജസ്റ്റിസ് ജീവന്റെഡ്ഡി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യവും തഥൈവ. 'അഫ്‌സ്​പ' എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെന്ന് പരസ്യമായ രഹസ്യം.

എല്ലാംകൂട്ടി വായിക്കുമ്പോള്‍ ഇറോംഷര്‍മിള മരണംവരെ നിരാഹാരം തുടര്‍ന്നോട്ടെയെന്നാണോ സര്‍ക്കാര്‍ പറയുന്നത്? നിരാഹാരസത്യാഗ്രഹം പത്താംവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇംഫാലില്‍ റിലേ നിരാഹാരം തുടങ്ങിയവരുടെ മനസ്സില്‍ എരിയുന്നതും അതേ സംശയമാണ്.


ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍SocialTwist Tell-a-Friend

1 comment:

  1. ....ഇറോംഷര്‍മിളയുടെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന സത്യാഗ്രഹത്തെ തിരിച്ചറിയുന്നതില്‍ രാജ്യം പരാജയപ്പെടുന്നത് വടക്കുകിഴക്കന്‍ മേഖലയുടെ മനസ്സില്‍ പ്രതിഷേധം പുകയ്ക്കുന്നുണ്ട്. തീവ്രവാദിയെന്ന് ആരോപിച്ച് അസംറൈഫിള്‍സ് അറസ്റ്റ് ചെയ്ത മനോരമാദേവിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ടെത്തിയപ്പോള്‍ അത് തിരിച്ചറിഞ്ഞതാണ്. മണിപ്പുര്‍ പ്രതിഷേധ കൊടുങ്കാറ്റില്‍ ഇളകിമറിഞ്ഞു.....

    ReplyDelete