Pages

Sunday, July 24, 2011

13/07 മുംബൈ സ്ഫോടന പരമ്പര: ഒരു രാഷ്ട്രീയ വിശകലനം


(ഫിറോസ്‌ മിതിബോര്‍വാല എഴുതിയ ലേഖനത്തിനു മുഹമ്മദ്‌ ഒഞ്ചിയം നല്‍കിയ സ്വതന്ത്ര സം‌ക്ഷിപ്‌ത പരിഭാഷ-)

ഇരുപത് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ നഗരത്തെ ഒരിക്കല്‍ക്കൂടി നടുക്കിയ ഈ സ്ഫോടന പരമ്പരകളിലൂടെ, നിരന്തര സ്ഫോടനങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈ, കറാച്ചിയോടും കബുളിനോടും ഒപ്പം എത്തിനില്‍ക്കുകയാണ്. കേന്ദ്ര -സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ സ്ഥിരം പ്രസ്താവനകളുമായി രംഗത്തുണ്ടെന്നല്ലാതെ  പോലീസും എ.ടി.എസും പതിവുപോലെ തെളിവ് ലഭിക്കാതെ മിഴിച്ചുനല്‍ക്കുന്നതാണ് നാം കാണുന്നത്. പൂനെ ജര്‍മന്‍ ബേക്കറി കേസിന്റെയും, ഓയില്‍ മാഫിയ - രാഷ്ട്രീയ - ഉദ്യോഗസ്ഥ - പോലിസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ജെഡേ കൊലപാതക കേസിലും സംഭവിച്ചതുപോലെ, ചില ക്രിമിനലുകളെ അറസ്റ്റ് ചെയ്യുകയും, തെളിവുകള്‍ ചുട്ടെടുക്കുകയും, പതിയെ  കേസ് ഡയറി പൂട്ടുകയും ചെയ്യുന്ന  നടപ്പുരീതിയില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്.


മാധ്യമങ്ങളുടെയും പോലീസ്- ഇന്റെലിജെന്‍സ് ഏജന്‍സികളുടെയും  റോള്‍ :

ഒരിക്കല്‍ കൂടി , ATS-ന്റെ അന്വേഷണം ഇന്ത്യന്‍ മുജാഹിദീന്‍-ലേക്ക്  തിരിയുകയാണ് . ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങള്‍ എന്ന പേരില്‍ ATS തന്നെ നേരത്തെ അറസ്റ്റ് ചെയ്തവരുടെ കുടുംബാഗങ്ങളെ കേന്ദ്രീകരിച് നടക്കുന്ന അന്വേഷണം ഇപ്പോള്‍ തന്നെ ഫായിസ് ഉസ്മാനി എന്നയാളുടെ കസ്റ്റഡി മരണത്തിലെത്തി നില്‍ക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍, ചെറുകിട ക്രിമിനലുകളും വാഹന മോഷ്ട്ടക്കളും പോലീസിന്റെ തന്നെ ചരന്മാരുമാണ്.  നടപ്പുരീതിയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുന്നത്,  പോലീസ് രേഖകളില്‍ നേരത്തെ തന്നെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള മുസ്ലിം യുവക്കളെയോ, അറിയപ്പെടുന്ന പോലീസ് ചാരന്മാരെയോ , ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരായി ചിത്രീകരിച്ചുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുന്ന രീതിയാണ് -  അടുത്ത സ്ഫോടനം നടക്കുമ്പോള്‍ വീണ്ടും മുസ്ലിം ചെറുപ്പക്കാര്‍ ഈ വിധം വേട്ടയാടപ്പെടുന്ന ഒരു ചാക്രിക പ്രതിഭാസം. ഏറെ ആശങ്കപ്പെടുതുന്നത് മുംബൈ ക്രൈം ബ്രാഞ്ചിന്റെ ആറാം നമ്പര്‍ യൂണിറ്റില്‍ നടന്ന ഫായിസ് ഉസ്മനിയുടെ കസ്റ്റഡി  മരണത്തെക്കുറിച് ഒരു വസ്തുതാന്വേഷണം  നടത്താന്‍ പോലും ‌ മുംബയിലെ ഒരൊറ്റ സെകുലര്‍/മനുഷ്യാവകാശ സംഘടനയും മുന്നോട്ടു വന്നില്ല എന്നതാണ്. എന്തിനും ഏതിനും ഇമെയില്‍ അയക്കുന്നവരില്‍ നിന്ന് ഒരു ഇമെയില്‍ പോലും ഈ വിഷയത്തില്‍ ഉണ്ടായില്ല.

സ്ഫോടന സ്ഥലത്ത് നിന്ന്‍ ഒരു തരി തുമ്പും ലഭിച്ചില്ല എന്നാണ് പോലീസ് ഭാഷ്യം . CCTV കാമറകള്‍ സ്ഫോടന ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു . എന്നാല്‍ അമോണിയം നൈട്രേറ്റും, ടിഫിന്‍ ബോക്സും, സ്കൂട്ടറും ഒക്കെ ചില ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, മാധ്യമങ്ങളും പോലീസും കുന്തിച്ചിരുന്ന് നടെപറഞ്ഞ ഇന്ത്യന്‍ മുജാഹിദീനെ തെരയുകയാണ്. രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ മുസ്ലിം നാമം പേറുന്ന വ്യക്തികളോ ഗ്രൂപ്പുകളോ അല്ലാതെ മറ്റാരും സംശയിക്കപെടുക പോലും ചെയ്യരുത് എന്ന ദുര്‍വാശിയോടെ മാധ്യമങ്ങള്‍ അച്ചു നിരത്തുകയാണ്. ദാവൂദിന്റെ കരങ്ങളും, ഹുജിയും സിമിയും ലഷ്കറെ തയിബയും താലിബാനും നിരന്തരം മാധ്യമങ്ങളിലൂടെ മുഴങ്ങിക്കേള്‍ക്കുകയാണ്.

അമോണിയം നൈട്രേറ്റും, ടിഫിന്‍ ബോക്സും, സ്കൂട്ടറും ഒക്കെ അഭിനവ് ഭരത് , സനാതന്‍ സന്‍സ്ത ഭീകര ശ്രംഖലകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും; സ്വാമി അസിമാനന്തയുടെ കുറ്റ സമ്മതവും കേണല്‍ പുരോഹിത് സാധ്വി പ്രഗ്യ എന്നിവരുടെ കുറ്റ പത്രവും വെളിപ്പെടുത്തുന്നത് പോലെ, രാജ്യത്തെ  വിവിധ രഹസ്യാന്വേഷണ വിഭാഗത്തിലും സൈനിക വ്യൂഹങ്ങളില്‍ പോലും നുഴഞ്ഞു കയറിയ ഇത്തരം ശക്തികള്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത് വെളിപ്പെട്ടിട്ടു പോലും രാഷ്ട്രീയ നേതൃത്വവും പോലീസും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഈ ഒരു സാധ്യതക്ക് നേരെ വീണ്ടും കണ്ണടക്കുകയാണ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക്:

സ്ഫോടനങ്ങളും തുടര്‍ന്നുള്ള അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്നതില്‍  ആഭ്യന്തര  മന്ത്രി  ചിദംബരം തന്റെ മുന്‍ഗാമിയായ ശിവരാജ് പാട്ടീലിനേക്കാള്‍  പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. ചിദംബരം സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന, തന്റെ ഭരണ കാലത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ ചിലത് നോക്കുക:

1. ഗോവ 2009 : 2009 ഒക്ടോബര്‍ 18-നു ദീപാവലിയുടെ തലേന്ന്‍ ഗോവയില്‍ നടന്ന സ്ഫോടനത്തില്‍ സനാതന്‍ സന്സ്ഥക്ക് എതിരെ  ATS /SIT ചാര്‍ജ് ഷീറ്റ്‌ തയാറാക്കിയെങ്കിലും അത് ‌ മാധ്യമങ്ങള്‍ക്ക് പോലും വിതരണം ചെയ്യപ്പെട്ടില്ല .
2. പൂനെ ജര്‍മന്‍ ബേക്കറി 13/02/10:  ഇന്‍ഡോ -പാക് സംഭാഷണം അട്ടിമറിക്കുക,  രാഷ്ട്രീയ-പോലീസ് അവിശുദ്ധ കൂട്ടുകെട്ട് ആസൂത്രണം ചെയ്‌ത മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ: ശാഹിദ് ആസ്മിയുടെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഇരട്ട ലക്ഷ്യത്തോടെ നടന്നത് .
3. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം - IPL  17/04/10 :  വ്യകതമായും  ശരദ് പവാറും ലളിത് മോഡിയും തമ്മിലുണ്ടയിരുന്ന അധികാര വടംവലിയുടെ ഫലമായി നടന്നത്.
4. ഡല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പ് (19 /09 /10 )
5. വാരണാസി - ദസ്വമെധ് (07/12/2010):

ഖനനം, 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അഴിമതികളില്‍ ആരോപണ വിധേയനായ  ചിതംബരത്തെ പോലെ എളുപ്പത്തില്‍ ബ്ലാക്ക്മൈലിനും അഴിമതിക്കും വഴിപ്പെടുന്ന  ഒരു അഭ്യന്തര മന്ത്രിയെയല്ല രാജ്യം അഭിമുഖീകരിക്കുന്ന ഈ സന്നിഗ്ദ ഘട്ടം ആവശ്യപ്പെടുന്നത്. ചിദംബരം രാജിവെക്കുകയാണ് കരണീയം.

ചുരുക്കത്തില്‍ ഒന്നാമതായി, ആത്മാര്‍ത്ഥതയും സത്യസന്തതയുമുള്ള മന്ത്രിമാര്‍ തലപ്പത്ത് വരുന്ന രീതിയില്‍, കേന്ദ്ര സംസ്ഥാന സുരക്ഷ സംവിധാനങ്ങളെ അഴിച്ചുപണിയുക (ഏറെക്കുറെ അസാധ്യമാനെങ്കിലും) മാത്രമാണ് ഏക പരിഹാരം . ഒരിക്കല്‍ കൂടി, രാഷ്ട്രീയമായി ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഫലം കൊയ്യുന്നത് ആരാണെന്നു പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, മുന്‍കാലങ്ങളിലെ വര്‍ഗീയ ലഹളകളുടെ രാഷ്ട്രീയത്തെ പുതിയ ഭീകരതയുടെ രാഷ്ട്രീയം പകരം വെക്കുന്നതായിട്ടാണ്. ചില വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ നേരത്തെ രാഷ്ട്രീയക്കാര്‍ വര്‍ഗീയ ലഹളകള്‍ കുത്തിപ്പൊക്കി ജനങ്ങളെ ഭിന്നിപ്പിച്ചു  നിര്‍ത്തിയ സ്ഥാനത്ത്, കൂടുതല്‍ വിശാലമായി ദേശിയ -അന്തര്‍ ദേശിയ  തല്പര്യങ്ങല്‍ക്കനുരൂപകമായി ഭീകരതയുടെ രാഷ്ട്രീയം വികാസം പ്രാപിച്ചതായി കാണാം .

ഇന്ത്യയുടെ വിവധ ഭാഗങ്ങളിലുള്ള മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുമായി സംവദിച്ചതിനു ശേഷം , ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ താഴെ ചേര്‍ക്കുന്നു :

1 . ജന്‍ ലോക്പല്‍ ബില്‍

13 /7 മുംബൈ സ്ഫോടനത്തിന്റെ പ്രധാന ഉന്നം , അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള ലോക്പല്‍ ബില്ലും, അഴിമതിക്കെതിരെ നടക്കുന്ന ജനകീയ സമരങ്ങളും അതേത്തുടര്‍ന്ന് രാജ്യവ്യാപകമായി ഉരുത്തിരിഞ്ഞ അഭിപ്രായ ഐക്യവും തകര്‍ക്കുക എന്നതാണ് . മുതിര്‍ന്ന മന്ത്രിമാരും കോര്‍പ്പറേറ്റ് സി.ഇ.ഓ-മാരും ഇരുമ്പഴിക്കുള്ളിലായത് ഉന്നത ഭരണ വര്‍ഗത്തെ കുറച്ചൊന്നുമല്ല അങ്കലപ്പിലാക്കിയത്. (പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വയം തന്നെ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട നാല്പത് ലക്ഷം കോടിയുടെ അഴിമതിയില്‍ ഉള്‍പെട്ടിരിക്കയാണ്). സിബിഐ-യെ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന്‍ പുറത്തു നിര്‍ത്തിയതെന്തിനാനെന്നു ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നു .

കൂടാതെ അനിയന്ത്രിതമായ പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും ചൂഷണത്തിനുമെതിരെ ഉയര്‍ന്നു വരുന്ന ജനകീയ രോഷം, പ്രക്രതി സമ്പത്തും വെള്ളവും കിടപ്പാടവും വരെ തട്ടിയെടുക്കുന്ന ചൂഷകരായ രാഷ്ട്രീയ-കോര്‍പറേറ്റ് ‍അച്ചുതണ്ടിനെതിരെയുള്ള വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ പ്രതിരോധ സമരങ്ങളും മുംബൈ ഭീകരാക്രമാണത്തിനു മുഖ്യ കാരണമായി. അങ്ങിനെ അഴിമതിയില്‍ നിന്നും ഭീകരതയിലേക്ക് ജനശ്രദ്ധ തിരിച്ചു വിടാന്‍ കഴിഞ്ഞതോടൊപ്പം, ഇനി രാജ്യം മുംബൈയിലെ ചേരികളില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ    തെരയുമ്പോള്‍ ,അഴിമതി ഫയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി കൊണ്ടിരിക്കും

2 . ഇന്ത്യ - പാക്‌ സംഭാഷണവും ഹിലരി ക്ലിന്റന്റെ ഇന്ത്യ സന്ദര്‍ശനവും

മുമ്പും ഇന്ത്യ-പാക്  ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നതിന്റെ മുന്നോടിയായി ഇന്ത്യയില്‍  സ്ഫോടനങ്ങള്‍ നടന്നതിന്റെ തെളിവുകളാണ് 2008-ലെ ജൈപൂര്‍ സ്ഫോടനവും  2010-ലെ പൂനെ സ്ഫോടനവും. രാജ്യത്തിനകത്തെ തീവ്ര വലതുപക്ഷ ശക്തികള്‍ ബാഹ്യ ശക്തികളുമായി കൈകോര്‍ത്ത് ഇന്ത്യ-പാക്‌ സമാധാന ശ്രമങ്ങള്‍ക്ക്  തുരങ്കം വെക്കാനുള്ള സാധ്യതകള്‍ കണക്കിലെടുക്കുകയും, അത്തരം വ്യക്തികളെയും സംഘടനകളെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

നിലവിലെ പാക്‌ - അമേരിക്കന്‍ ബന്ധത്തിലെ വിള്ളലുകളും കണക്കിലെടുക്കേണ്ടതാണ്. ഇന്‍ഡോ - അമേരിക്കന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്നോടിയായും ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ നടന്നതിന്റെ ചരിത്രം നാം മറന്നു പോകരുത് . ഹിലരിയുടെ ജൂലൈ-19 സന്ദര്‍ശനത്തിനു മുന്നോടിയായി നടന്ന സ്ഫോടനങ്ങള്‍ മേഖലയിലെയും ഇന്ത്യയിലെ തന്നെയും അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുഗണമായി വര്‍ത്തിക്കുന്നവയണെന്നു മാത്രമല്ല , UPA -യിലെ അമേരിക്കന്‍ അനുകൂലികളെ  ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനെതിരെ ഇന്ത്യന്‍ ജനവികാരത്തെ പരുവപ്പെടുത്തുക വഴി മേഖലയില്‍ അമേരിക്ക പദ്ധതിയിടുന്ന ആസന്നമായ യുദ്ധത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യാം. അമേരിക്കയില്‍ സുരക്ഷിതനായി കഴിയുന്ന 26 / 7 മുംബൈ സ്ഫോടനത്തിന്റെ  സൂത്രധാരനും CIA ചാരനുമായ ‍ ഹെഡ്‌ലിക്കെതിരെ ഒരു ചാര്‍ജ് ഷീറ്റ്‌ തയ്യാറാക്കാന്‍ പോലും ഇന്ത്യക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.

3 . ടാര്‍ഗറ്റ് മുംബൈ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന മുംബൈയുടെ പദവിക്ക് അന്ത്യം കുറിച്ച് കൊണ്ട് ഗുജറാത്തിലെ സൂററ്റിനെ സുരക്ഷിത സങ്കേതമാക്കാനുള്ള ആസൂത്രിത ശ്രമമായി സ്ഫോടന പരമ്പരകളെ കാണാവുന്നതാണ് . മുംബൈ രത്ന വ്യാപാര കേന്ദ്രങ്ങളായ ജാവേരി ബസാറിലും പഞ്ചരത്ന ബില്‍ഡിംഗിലും നടന്ന സ്ഫോടനങ്ങള്‍ക്ക് ശേഷം, രത്ന വ്യാപാര കേന്ദ്രങ്ങള്‍ സൂററ്റിലേക്ക് മാറ്റാനുള്ള ആവശ്യം ഗുജറാത്തിലെ ചില കോണുകളില്‍ നിന്ന്‍ ഉയര്‍ന്നിരുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഭീകരാക്രമണങ്ങള്‍ വ്യവസായികളെയും നിക്ഷേപകരെയും പിന്നോട്ടടിപ്പിക്കാന്‍ തക്ക കാരണം തന്നെയാണ്. രത്നവ്യപാര രംഗത്തെ അധോലോകവുമായി സൂററ്റിനു നേരത്തെ തന്നെയുള്ള ബന്ധവും , രത്നവ്യപാരവും രാജ്യാന്തര ഭീകരതയുമായുള്ള ബന്ധങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

3500 അമേരിക്കന്‍ പൌരന്മാര്‍

2006 മുതല്‍ ഇന്ത്യക്കകത് വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന, ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത 3500 അമേരിക്കന്‍ പൌരന്മാരെ കുറിച്ച് ആഭ്യന്തര വകുപ്പു പുറത്തു വിട്ട കണക്കു ഉദ്വേഗജനകമാണ്.  CIA എജെന്റ് ഡേവിഡ്‌ ഹെഡ് ലി കോള്‍മാന്റെ പങ്ക് വ്യക്തമായ സ്ഥിതിക്ക് അത്തരം മൂവായിരത്തില്‍ പരം ഏജന്റുമാര്‍ രാജ്യത്തിന്‍റെ മുക്കുമൂലകളില്‍ നുഴഞ്ഞു കയറി രാജ്യ സുരക്ഷയില്‍ ഉണ്ടാക്കാവുന്ന വിള്ളലുകള്‍ ഭീതിതമാണ്‌. രാജ്യത്തിനകത്തെ ഇത്തരം സി.ഐ.എ സെല്ലുകളേയും  ഇന്ത്യയില്‍ വിഹരിക്കുന്ന ഇസ്രായേലി പട്ടാളക്കാരെയും മൊസാദ് ചാരന്മാരെയും  കുറിച്ച വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ട് .ലോകത്ത് ഭീതിയും യുദ്ധവും വിതച്ച് ലാഭം കൊയ്യുന്ന , മോസാദിന്റെ ശിക്ഷണം ലഭിച്ച സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെ കുറിച് യാതൊരന്വേഷണവും നടത്താതെ പോകറ്റടിക്കാരെയും  വാഹനമോഷ്‌ടാക്കളെയും ഭീകരരായി എഴുന്നള്ളിക്കുന്ന അന്വേഷണം നാണക്കേടാണ്. റോയുടെ മുന്‍ അഡീഷണല്‍ സെക്രെടറി ആയിരുന്ന ജയദേവ റാന്‍ഡേ വെളിപ്പെടുത്തിയത് , രാഷ്ട്രീയക്കാരും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മറ്റും എളുപ്പത്തില്‍ കൂടിക്കലരാനും സൌഹൃദം സ്ഥാപിക്കാനും കഴിയുമെന്നതിനാല്‍, CIA  ഇന്ത്യയിലേക്ക് ചാര പ്രവര്‍ത്തനങ്ങള്‍ക്കായി  ഇന്ത്യന്‍ വംശജരെയും  ദക്ഷിണേഷ്യക്കാരെയും നിയോഗിക്കുകയാണെന്നാണ് .

ഇത്തരം നികൃഷ്‌ടമായ ഭീകരാക്രമണങ്ങള്‍  സാധാരണക്കാരെയല്ലാതെ ഒരിക്കലും ഉന്നത രാഷ്ട്രീയക്കാരെ ഉന്നം വെക്കുന്നില്ല എന്നുകൂടി വരുമ്പോള്‍, ചില രാഷ്ട്രീയ-കോര്‍പറേറ്റ് ഉന്നതന്മാരുടെ പങ്കിലേക്ക് തന്നെയാണ് അത്  വിരല്‍ ചൂണ്ടുന്നത് . ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെയും തിന്മയുടെ അച്ചുതണ്ടിനെയും വെളിച്ചത്ത്‌ കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു  .ഭരണാധികാരികള്‍ പരാജയപ്പെട്ടിടത്ത് ഉണര്‍ന്നെണീറ്റു അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ കര്‍ത്തവ്യമാണ്.
13/07 മുംബൈ സ്ഫോടന പരമ്പര: ഒരു രാഷ്ട്രീയ വിശകലനംSocialTwist Tell-a-Friend

No comments:

Post a Comment