Pages

Monday, June 21, 2010

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര


'മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര' എന്ന തലക്കെട്ടില്‍ ഏ.ആര്‍ മാധ്യമം ദിനപത്രത്തില്‍ (21-06-2010) എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍  പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.



എന്നിട്ടും മുമ്പ് നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്ത് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ്. അദ്ദേഹത്തിന് നേരെയുള്ള വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസുകാരായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹെത്ത കുറ്റമുക്തനാക്കിയതിനെതിരെ അപ്പീല്‍ ബോധിപ്പിച്ചതും ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴിയില്‍ മഅ്ദനിയുടെ പേര്‍ പരാമര്‍ശിച്ചതാണ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം തയാറാക്കാന്‍ കര്‍ണാടക പൊലീസിന്റെ ന്യായം. തടിയന്റവിടെ നസീര്‍ പൊലീസിന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് ക്രിമിനലും തീവ്രവാദിയും ഭീകരനുമാണ്. അത്തരമൊരാളുടെ മൊഴി മുഖവിലക്കെടുത്ത് മറ്റൊരാളുടെ പേരില്‍ പ്രമാദമായ ചാര്‍ജുകള്‍ ചുമത്തി കേസെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സുപ്രീംകോടതി അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസെടുക്കുന്നതാവട്ടെ എല്ലാവിധ ആരോപണങ്ങളില്‍നിന്നും കോയമ്പത്തൂര്‍ കോടതിയും മദ്രാസ് ഹൈകോടതിയും മുക്തനാക്കിയ അബ്ദുന്നാസിര്‍ മഅ്ദനി എന്ന മതപണ്ഡിതനെതിരെയും. ഇദ്ദേഹം ജയില്‍മുക്തനായ ശേഷമുള്ള കാലത്ത് ഏതെങ്കിലും സംഭവത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുവഹിച്ചതായി പൊലീസോ അന്വേഷണ ഏജന്‍സികളോ കണ്ടെത്തിയിട്ടുമില്ല. പിന്നെയോ? അദ്ദേഹം തന്നെ രണ്ട് പതിറ്റാണ്ട് മുമ്പ് പിരിച്ചുവിട്ട ഐ.എസ്.എസ് നിലവിലിരുന്ന കാലത്ത് അതില്‍ നസീര്‍ അംഗമായിരുന്നുവെന്നും അയാളെ മഅ്ദനി തീവ്രവാദം പരിശീലിപ്പിച്ചിരുന്നുവെന്നുമാണ് കേസ്! ആട്ടിന്‍കുട്ടിയെ പിടിച്ച ചെന്നായയുടെ ന്യായത്തെ തോല്‍പിക്കുന്ന ഈയാരോപണത്തിന് തുടര്‍ന്ന് പടച്ചുണ്ടാക്കിയ തെളിവുകളാണ് കൂടുതല്‍ അപഹാസ്യം. മഅ്ദനി തീവ്രവാദം പഠിപ്പിക്കാന്‍ നസീറിന് പുസ്തകങ്ങള്‍ നല്‍കിയത്രെ. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജിഹാദ് (അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം), സയ്യിദ് ഖുത്തുബിന്റെ 'വഴിയടയാളങ്ങള്‍' (മആലിമുന്‍ ഫിത്ത്വരീഖ്), ഹസനുല്‍ബന്നായുടെ ആത്മകഥ എന്നീ പുസ്തകങ്ങളാണു പോല്‍ തീവ്രവാദ പഠന സഹായികള്‍! മൂന്നു ഗ്രന്ഥങ്ങളും കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ്. മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ആര്‍ക്കും വാങ്ങി വായിച്ചുനോക്കാം.

1926 ഡിസംബറില്‍, ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സ്വാമി ശ്രദ്ധാനന്ദയെ കൊന്ന കേസില്‍ ഒരു മുസ്‌ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഇന്നത്തേതുപോലെ അന്നും ഇസ്‌ലാമിലെ ജിഹാദ് വ്യാപകമായി വിമര്‍ശന വിധേയമായി. സൗമ്യനും സമാധാനപ്രേമിയും സഹിഷ്ണുവുമായ മഹാത്മാഗാന്ധി പോലും ഇങ്ങനെയാണ് പ്രതികരിച്ചത്. 'വാള്‍ വിധി നിര്‍ണായക ശക്തിയായ ഒരു കാലഘട്ടത്തിലാണ് ഇസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ നിര്‍ണായക ശക്തി വാള്‍ തന്നെ.' അന്ന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് ഗാഢബന്ധം സ്ഥാപിച്ചിരുന്ന മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ എഡിറ്ററായിരുന്നു ഇരുപത്തിമൂന്നുകാരനായ അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിന്റെ ജിഹാദ് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖിതനായി അദ്ദേഹം. 'യുദ്ധോത്‌സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം' എന്ന പാശ്ചാത്യന്‍ പ്രചാരണത്തില്‍ മനംനൊന്ത് മൗദൂദി എഴുതിയ ബൃഹത് ഗ്രന്ഥമാണ് 'ഇസ്‌ലാമിലെ ജിഹാദ്'. ആദ്യം 'അല്‍ ജംഇയ്യത്തി'ല്‍ തന്നെയാണ് അത് ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചത്; പിന്നീട് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. 500ല്‍പരം  പുറങ്ങളുള്ള ഗ്രന്ഥം മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന ആര്‍ക്കും കാണാവുന്ന കാര്യം തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഒരു വരിപോലും അതില്‍ ഇല്ലെന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദിന്റെ സാക്ഷാല്‍  വിവക്ഷ വിവരിക്കുന്ന ഒരു ഗ്രന്ഥം അല്ലെങ്കില്‍ എങ്ങനെ തീവ്രവാദപരമാവും? ജമാഅത്തെ ഇസ്‌ലാമിയെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ സകലമാന ശക്തികളും കൈകോര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ ആ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രസാധനാലയം അതെങ്ങനെ പ്രസിദ്ധീകരിക്കും? പുസ്തകത്തിലെ നാലാം അധ്യായം (ഇസ്‌ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം  പാടില്ലെന്നും ഇസ്‌ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്. ഈ പുസ്തകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ടല്ലോ. അവരാരെങ്കിലും തീവ്രവാദികളായി മാറിയോ? മഅ്ദനി സ്വയം ഇപ്പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതാണ്. അദ്ദേഹമവ തടിയന്റവിട നസീറിന് കൊടുക്കാനുള്ള സാധ്യത അതിലും വിദൂരം. നസീര്‍ അത് വായിച്ച് പ്രചോദിതനായി എന്ന ആരോപണമാകട്ടെ പച്ചക്കള്ളവും. കാരണം അവയുടെ ഉള്ളടക്കം നടപ്പാക്കാന്‍ മഅ്ദനി നസീറിനോട് നിര്‍ദേശിച്ചുവെന്നാണ് കര്‍ണാടക പൊലീസിന്റെ ആരോപണം. എങ്കില്‍ ഒരു പരിപൂര്‍ണ സമാധാന പ്രിയനും സാത്വികനും ഭക്തനുമായ മുസ്‌ലിമായി നസീര്‍ മാറേണ്ടതായിരുന്നു. പ്രത്യേകിച്ചു ഹസനുല്‍ ബന്നായുടെ ആത്മകഥ കൂടിയുണ്ട് പുസ്തകങ്ങളുടെ കൂട്ടത്തില്‍. അസൂയാര്‍ഹമായ ജീവിത വിശുദ്ധിയിലൂടെ വളര്‍ന്ന സൂഫിവര്യനായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ബന്നാ. പില്‍ക്കാലത്ത് ബ്രദര്‍ഹുഡിന്റെ കടുത്ത ശത്രുവായി മാറിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ പോലും ബന്നായോട് തികഞ്ഞ ആദരവ് പുലര്‍ത്തിയിരുന്നു. ഒരിക്കലും ബന്നായെ നാസിര്‍ തള്ളിപ്പറഞ്ഞിരുന്നില്ല. വായിക്കുന്നവരില്‍ വിപ്ലവവീര്യം വളര്‍ത്തുന്ന ചെഗുവേരയുടെ ഡയറിയല്ല ഹസനുല്‍ ബന്നായുടെ ആത്മകഥ. തമാശ ഇവിടെ അവസാനിക്കുന്നില്ല. മൗദൂദിയെയും ബന്നായെയും സയ്യിദ് ഖുത്തുബിനെയും തടിയന്റവിടെ നസീറിനെ കൊണ്ട് വായിപ്പിച്ച മഅ്ദനി തന്നെയാണത്രെ പിന്നീടയാളെ നൂരിഷാ ത്വരീഖത്തില്‍ ചേര്‍ത്തത്!! ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള നൂരിഷാ ത്വരീഖത്ത് മേല്‍പറഞ്ഞ ചിന്തകരെ ഒരര്‍ഥത്തിലും അംഗീകരിക്കുന്നവരല്ല. മൗദൂദിയുടെ ഒരനുയായിയും ഒരുതരം ത്വരീഖത്തിലും ചേരുകയുമില്ല. മഅ്ദനിയാവട്ടെ, ഈജിപ്തിലെ ദസൂഖി ത്വരീഖത്തിലാണ് വിശ്വസിക്കുന്നതെന്ന് തുറന്ന് പറഞ്ഞയാളാണ്. പക്ഷേ, നമ്മുടെ പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കുമെന്ത് ത്വരീഖത്ത്, എന്ത് പുസ്തകം? മതേതര നാട്യക്കാരും സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാരും മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായി എഴുതിപ്പിക്കുന്ന ചവറുകളില്‍നിന്ന് ആവശ്യമായ ഭാഗം പകര്‍ത്തിയെടുത്ത്, തടിയന്റവിടെ നസീറിനെ പോലുള്ള പുള്ളികളുടെ വായില്‍ തിരുകിക്കൊടുത്ത് രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തികച്ചും യുക്തിശൂന്യവും അവിശ്വാസ്യവുമായ രേഖകളാണെന്നറിഞ്ഞുകൊണ്ടുതന്നെ, മുന്‍വിധിയോടെ ചുമത്തിയ ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരബന്ധം തുടങ്ങിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതൊക്കെ ആവശ്യമായി  നിയമപാലകര്‍ കരുതുന്നു. പ്രതികളാക്കപ്പെടുന്നവരെ പിന്നീട് കോടതികള്‍ കുറ്റമുക്തരാക്കിയാലും വര്‍ഷങ്ങളോളം കേസ് നീട്ടിക്കൊണ്ടുപോവാനും ജയിലില്‍ പീഡിപ്പിക്കാനും ഇത് തന്നെ ധാരാളം മതിയല്ലോ. ജാമ്യവും പരോളും അനുവദിക്കുന്ന പ്രശ്‌നവുമില്ല.

പ്രഥമദൃഷ്ട്യാതന്നെ മനുഷ്യാവകാശ ധ്വംസനപരവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ ഈ നാടകത്തിനെതിരെ ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്‌നേഹികളും കൂട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. വികലാംഗനും രോഗിയും മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ മഅ്ദനിയെ പൂര്‍വ വിരോധത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള നീക്കം തികഞ്ഞ നീതിനിഷേധമാണ്. നിയമം നിയമത്തിന്റെ വഴി നോക്കട്ടെ എന്ന ചിലരുടെ കൈകഴുകല്‍ തികച്ചും അപ്രസക്തമാണ് ഇക്കാര്യത്തില്‍. കാരണം നിയമത്തിന്റെ വഴിയല്ല, നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടക്കുന്നത്. ആശയ സമരവും സംവാദവുമാണ് ജനാധിപത്യത്തിന്റെ വഴി; അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല. സ്‌റ്റേറ്റ് ടെററിസത്തിലൂടെ തീവ്രവാദം തളരുകയല്ല, വളരുകയേ ചെയ്യൂ. ദേശീയ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പൗരാവകാശ സംഘടനകളും അടിയന്തരമായി ഇടപെടേണ്ട മാനുഷിക പ്രശ്‌നമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടേത്. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ നൈതികബോധത്തെ തൊട്ടുണര്‍ത്തേണ്ടതാണ്.

'പ്രശസ്തനായൊരു മുസ്‌ലിമായത് കൊണ്ടുമാത്രം തെളിവില്ലാത്ത കേസുകളില്‍ മഅ്ദനിയെ ഉള്‍പ്പെടുത്തുന്നതിനെ' രാജ്യത്തെ തലമുതിര്‍ന്ന ഈ മനുഷ്യാവകാശ പോരാളി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 5000ത്തില്‍പരം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ മറുവശം കൂടി കണക്കിലെടുക്കുമ്പോഴാണ് പകപോക്കലിന്റെ ക്രൂരതയുടെ ആഴം വ്യക്തമാവുക. പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടും ക്രിമിനലായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള 18 കേസുകളുമുണ്ട് പിന്‍വലിക്കപ്പെടുന്ന പട്ടികയില്‍! നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, അല്ലേ?
മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇരSocialTwist Tell-a-Friend

6 comments:

  1. നിയമം നിയമത്തിന്റെ വഴി നോക്കട്ടെ എന്ന ചിലരുടെ കൈകഴുകല്‍ തികച്ചും അപ്രസക്തമാണ് ഇക്കാര്യത്തില്‍. കാരണം നിയമത്തിന്റെ വഴിയല്ല, നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടക്കുന്നത്.

    നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 5000ത്തില്‍പരം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ മറുവശം കൂടി കണക്കിലെടുക്കുമ്പോഴാണ് പകപോക്കലിന്റെ ക്രൂരതയുടെ ആഴം വ്യക്തമാവുക. പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടും ക്രിമിനലായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള 18 കേസുകളുമുണ്ട് പിന്‍വലിക്കപ്പെടുന്ന പട്ടികയില്‍! നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, അല്ലേ?

    ReplyDelete
  2. നദീര്‍ ..,

    വികാരമല്ല വിവേകം ആണു ആവശ്യം...
    കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്തവന്‍ ആണ് മദനി..!
    തെറ്റ് കുറ്റങ്ങള്‍ ഇല്ല എന്ന് പറയുന്നില്ല
    എങ്കിലും നമ്മുടേത് ജനാധിപത്യ രാഷ്ട്രമാണ് ..
    ഇവിടെ വികാരങ്ങലെക്കാള്‍ വിവേകത്തിനും ക്ഷമയ്ക്കും പ്രാമുഖ്യം കൊടുക്കുക
    നിയമത്തില്‍ വിശ്വാസം അര്‍പ്പിക്കുക

    ReplyDelete
  3. @ Shan - നിയമത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല, അത് കൈകാര്യം ചെയ്യുന്നവരിലുള്ള വിശ്വാസമാണ്‌ കുറഞ്ഞ് വരുന്നത്. :)

    ReplyDelete
  4. ജനാധിപത്യം ചരിത്രത്തിന്റെ അവസാനമല്ല, ജനാധിപത്യത്തിന്റെ സങ്കേതങ്ങളുപ്യോഗിച്ച് ഭരണവർ‌ഗം മനുഷ്യജീവിത ങ്ങളോട് ചെയ്യുന്ന മുഴുവൻ അനീതികളും ന്യായീകരിക്കപ്പെടേണ്ടതുമല്ല.

    പിന്നെ, കൊല ചെയ്യപ്പെടുന്ന നീതിക്കു മുന്നിൽ ഒന്ന് വികാരഭരിത നാകാൻ പോലും നിങ്ങൾ‌ക്കാവുന്നില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യൻ പോലുമല്ല....

    ReplyDelete
  5. It is so sad that a criminal like him is still alive here and lives in a Orphanage.It is shame on each and every indian and malayali that a criminal lives in between us and we are just dump and duff.He should not have released from jail.Religion is just an opinion and way of living.For that you should not kill others.and if others are doing i will also do kind of thoughts will take us to 1oo of years back.Please stop supporting a criminal.he is not arrested yet because people are going to suicide for him.let them die ,they don't deserve to live here.

    ReplyDelete
  6. @പ്രശാന്ത്

    ഒരാള്‍ താങ്കള്‍ സംസാരിച്ചത് പോലെ സംസാരിക്കുന്നതില്‍ അത്ഭുതമില്ല. അപ്രകാരം ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക എന്നത് സമൂഹത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പ്പിന് ആവശ്യം തന്നെ. മദനി ചെയ്ത തെറ്റ് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞതാണ്. അതിനാല്‍ അതേ കുറിച്ച് പറയുന്നില്ല. എന്നാല്‍ കോടതിക്ക് അദ്ദേഹം ചെയ്ത തെറ്റ് ബോധ്യപ്പെട്ടിട്ടില്ല. അത്തരമൊരാള്‍ ഇവിടെ ജീവിച്ചിരിക്കുന്നതില്‍ താങ്കള്‍ അസ്വസ്തമാക്കുന്നത് നീതിയോടുള്ള മനുഷ്യത്വത്തോടുള്ള താല്‍പര്യം കൊണ്ടാണ് എന്ന് കരുതാന്‍ ന്യായമൊന്നുമില്ല. മനുഷ്യനെ മൃഗത്തോളം അധഃപതിപ്പിക്കാന്‍ വെറുപ്പിനും വിദ്വേഷത്തിന് സാധിക്കും. ഓരോ ദിവസം കഴിയും തോറും അദ്ദേഹത്തിനെതിരെയുള്ള പുതിയ ആരോപണവും കെട്ടിച്ചമക്കപ്പെട്ടാതാണ് എന്ന് കൂടുതല്‍ വ്യക്കമായി വരുന്നു. ഇനിയും ജാമ്യമില്ലാതെ 9 വര്‍ഷം ജയിലില്‍ കുറ്റം തെളിയിക്കാതെ കഴിയേണ്ടിവരുമോ എന്ന് ഒരാള്‍ ചിന്തിച്ച് ഇപ്പോഴത്തെ അറസ്റ്റില്‍ സംശയിച്ചാല്‍ അയാളില്‍ അല്‍പം മനുഷ്യത്വം ബാക്കിയുണ്ട് എന്ന് മാത്രമേ കരുതാനാവൂ. ഇതൊക്കെ കണ്ട് ആരോ ഗൂഡമായി ചിരിക്കുന്നു. അവര്‍ ഈ രാജ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഗുണകാംക്ഷികളാകാന്‍ ഒരു സാധ്യതയും കാണുന്നില്ല

    ReplyDelete