Pages

Sunday, April 11, 2010

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളും


മാധ്യമം ദിനപത്ര (11-04-2010)ത്തില്‍ നിന്നും കട്ടെഴുതിയത്..

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളും - കെ.എന്‍. രാമചന്ദ്രന്‍

പ്രധാനമന്ത്രിയെ മുതല്‍ പശ്ചിമബംഗാളിലേയും കേരളത്തിലേയും സി.പി.എം മുഖ്യമന്ത്രിമാരെ വരെ ഞെട്ടിച്ച ഛത്തിസ്ഗഢിലെ ഏറ്റവും പുതിയ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് സൈനിക രഹസ്യാന്വേഷണവിദഗ്ധര്‍ തൊട്ട് നിരവധി പേരുടെ വിശദീകരണങ്ങള്‍ വന്നുതുടങ്ങുന്നു. പക്ഷേ, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ നടത്തിയ വിശകലനങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് അവയൊന്നും എത്തില്ല. കാരണം, എന്തുകൊണ്ട് മാവോയിസ്റ്റുകളുടെ താവളങ്ങള്‍ നിലനില്‍ക്കുന്നു. അവര്‍ക്ക് എവിടെനിന്നൊക്കെ സഹായം ലഭിക്കുന്നു. തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് അവയൊന്നും എത്തിനോക്കുകപോലും ചെയ്യുന്നില്ല. അതേപോലെ മാവോയിസ്റ്റുകളെ എതിര്‍ക്കാനെന്ന പേരില്‍ കെട്ടഴിച്ചുവിട്ട 'ഓപറേഷന്‍ ഗ്രീന്‍ഹണ്ട്' ആരെയാണ് യഥാര്‍ഥത്തില്‍ ലക്ഷ്യംവെക്കുന്നതെന്ന കാര്യംപോലും ആരും സ്പര്‍ശിക്കുന്നില്ല.

മാവോയിസ്റ്റുകളുടേത് ഒരു രാഷ്ട്രീയപ്രശ്നമാണ്. രാഷ്ട്രീയപരമായി രൂപംകൊണ്ട് അത് അഞ്ച് സംസ്ഥാനങ്ങളിലെ ചില വനമേഖലകളില്‍ പിടിച്ചുനില്‍ക്കുന്നതും രാഷ്ട്രീയകാരണങ്ങളാലാണ്. കേന്ദ്ര^സംസ്ഥാന നയങ്ങള്‍ അതിന്റെ നിലനില്‍പില്‍ വഹിക്കുന്ന പങ്കും കാണാതിരുന്നുകൂടാ. ഇവ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒറീസയില്‍ ജജ്പൂര്‍ജില്ലയിലെ കലിംഗനഗറിലെ സംഭവം മാത്രം പരിശോധിച്ചാല്‍ മതി. കലിംഗനഗറില്‍ ആദിവാസിമേഖലയില്‍ ഒരു സൂപ്പര്‍ ഇരുമ്പുരുക്ക് ഫാക്ടറി സ്ഥാപിക്കാനും ഖനനത്തിനും ടാറ്റക്ക് കേന്ദ്ര^സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയത് അവിടത്തെ ആദിവാസികളോട് ആലോചിച്ചല്ല. നൂറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്നതിനെതിരെ 2008 ആദ്യം അവര്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ പൊലീസ്^പാരാമിലിട്ടറി വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പക്ഷേ, എല്ലാ അതിക്രമങ്ങളേയും നേരിട്ട് സി.പി.ഐ^എം.എല്‍ പിന്തുണയോടെ, അവര്‍ ചെറുത്തുനിന്നു. സര്‍ക്കാറിന്റെ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. ടാറ്റായുടെ റോഡ്നിര്‍മാണം ഉള്‍പ്പെടെ നിലച്ചു. ഇക്കഴിഞ്ഞ മാസങ്ങളില്‍ ബംഗാളിലെ ലാല്‍ഗഢില്‍ സംഭവിച്ചപോലെ ജനകീയപ്രക്ഷോഭത്തെ തങ്ങളുടെ ലൈനിലേക്ക് ഹൈജാക്ക് ചെയ്യാന്‍ പലവട്ടം മാവോയിസ്റ്റുകള്‍ ശ്രമിച്ചു.പക്ഷേ,  അവരുടെ ശ്രമം കലിംഗനഗറിലെ ആദിവാസികള്‍ പരാജയപ്പെടുത്തി. ഈ സാഹചര്യത്തില്‍ ടാറ്റയുടെ കലിംഗനഗര്‍ പദ്ധതി ഉപേക്ഷിച്ച് അവിടുത്തെ സമ്പത്ത് ആദിവാസികളുടെ കൂടി പങ്കാളിത്തത്തോടെ ഉപയോഗിക്കാനുള്ള ഒരു പദ്ധതി സര്‍ക്കാറിന് ആസൂത്രണം ചെയ്യാമായിരുന്നു, അതുണ്ടായില്ല.

മാര്‍ച്ച് 25ന് നൂറുകണക്കിന് പാരാമിലിട്ടറി വിഭാഗങ്ങളെ ഇറക്കി ആദിവാസികളെ അടിച്ചിറക്കാന്‍ ശ്രമിച്ചു. ഗ്രാമങ്ങള്‍ തകര്‍ത്ത്, വീടുകള്‍ തകര്‍ത്ത്, കന്നുകാലികളെവരെ കൊന്ന് ഭീകരമായി ആക്രമിച്ചിട്ടും ചെറുത്തുനിന്ന ആദിവാസികള്‍ക്കുനേരെ 30ന് വെടിവെപ്പുണ്ടായി. അര്‍ധസൈനിക^പൊലീസ് നായാട്ട് തുടരുമ്പോഴും ആദിവാസികള്‍ ചെറുത്തുനില്‍ക്കുകയാണ്. കലിംഗനഗറും അതിനേക്കാള്‍ വലിയ അളവില്‍ 'പോസ്കോ', 'വേദാന്ത' വിരുദ്ധപോരാട്ടങ്ങളും ചൂണ്ടിക്കാട്ടുന്നത് മാവോയിസ്റ്റുകളെ നുഴഞ്ഞുകയറാന്‍ സമ്മതിക്കാതെ, ജനകീയപ്രക്ഷോഭങ്ങളിലൂടെ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ശ്രമിക്കുന്നവരെ ഗത്യന്തരമില്ലാതെ ആയുധമെടുപ്പിക്കുന്നത് സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയാണെന്നാണ്.

ജമ്മു^കശ്മീരില്‍ തീവ്രവാദികള്‍ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് പ്രശ്നം ജനങ്ങളുടെ ഇച്ഛപ്രകാരം രാഷ്ട്രീയമായി പരിഹരിക്കാന്‍ പതിറ്റാണ്ടുകള്‍ കിട്ടിയതല്ലേ ? അവസാനം ഫലത്തില്‍ സൈനികഭരണത്തിലായി ആ സംസ്ഥാനം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. അവരുടെ ഭരണകൂട വിരുദ്ധവികാരവും സ്വാഭാവികമായും ശക്തിപ്പെട്ടു. ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെയല്ലേ സംഭവിച്ചത്? അവിടങ്ങളില്‍ തീവ്രവാദികളെ ഉണ്ടാക്കിയതും സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയുള്ള ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പട്ടാളത്തെ നിയോഗിച്ച നെഹ്റു സര്‍ക്കാറിന്റെ നയമാണ്. ഇപ്പോള്‍ സൈനിക തേര്‍വാഴ്ച ജനങ്ങളെ ഭരണകൂടത്തില്‍നിന്ന് കൂടുതല്‍ അകറ്റുന്നു.

ലോകം മുഴുവന്‍ തീവ്രവാദികളെ പടച്ചുവിടുന്നതില്‍ അമേരിക്കന്‍നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരി വഹിച്ച പങ്ക് ഇന്ന് വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സാമ്രാജ്യത്വനയം പിന്തുടര്‍ന്നാണ് അകാലിദളില്‍നിന്ന് പഞ്ചാബിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇന്ദിരഗാന്ധിസര്‍ക്കാര്‍ ഭിന്ദ്രന്‍വാലയെ സൃഷ്ടിച്ചത്. ശ്രീലങ്കയിലെ തമിഴ് ദേശീയതയുടെ ജനകീയ സമരത്തെ സൈനികവത്കരിച്ച് എല്‍.ടി.ടി.ഇയെ പരിശീലിപ്പിച്ച് ആയുധം കൊടുത്ത് വളര്‍ത്തിയത്. അതേനയം തന്നെയാണ് കേന്ദ്ര^സംസ്ഥാന സര്‍ക്കാരുകള്‍ നവ ഉദാരനയങ്ങള്‍ അടിച്ചേല്‍പിക്കാനായി പ്രയോഗിക്കുന്നത്. ഭരണകൂടത്തിന്റെ പിന്തിരിപ്പന്‍നയങ്ങളെ ജനങ്ങള്‍ എതിര്‍ക്കുമ്പോള്‍, അവക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ ഭരണകൂടഭീകരത ഉപയോഗിച്ച് അവയെ പൈശാചികമായി ആക്രമിക്കുക. തിരിച്ച് ആയുധമെടുക്കാതെ മറ്റൊരുമാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക. ആ സാഹചര്യത്തില്‍ 'മാവോയിസ്റ്റുകളെ' പോലെ ആയുധത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഉയര്‍ന്നുവരുമ്പോള്‍ അവരുടെ 'ആക്ഷനുകളെ' നേരിടാനെന്ന പേരില്‍ രാജ്യത്തെയാകെ ക്രമേണ സൈനികവത്കരിക്കുക. ഈ നയത്തിന് സഹായകമായി കുത്തകമാധ്യമങ്ങള്‍ ജനകീയസമരങ്ങളെ അവഗണിച്ച്, 'മാവോയിസ്റ്റുകളെ' പെരുപ്പിച്ചുകാട്ടുക, എന്‍.ജി.ഒകളെയും പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവികളെയും ഇതിനായി ഉപയോഗിക്കുക. അങ്ങനെ അടിസ്ഥാനപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട്, രാജ്യത്തെ നവ ഉദാരയനങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുക. ഈ ഭരണവര്‍ഗ നയങ്ങളുടെ കൈയില്‍ കളിക്കുകയാണ് യഥാര്‍ഥത്തില്‍ അരാജകവാദസമീപനങ്ങള്‍ക്കടിപ്പെട്ട ആധുനിക നരോദ്നിക്കുകളായ മാവോയിസ്റ്റുകള്‍.

ഇന്ന് കമ്യൂണിസ്റ്റ്പ്രസ്ഥാനം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളേയും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയേയും സൈനികമാത്ര മാര്‍ഗങ്ങളിലൂടെ അധികാരംപിടിച്ചെടുക്കലായി മാത്രം ചുരുക്കിയതാണ് അവര്‍ ചെയ്യുന്ന ഗുരുതരമായ തെറ്റ്. ഗുരുതരപ്രശ്നങ്ങള്‍ക്ക് ഉത്തരം കാണുകയും അധികാരം പിടിച്ചെടുക്കുന്നതോടൊപ്പം അധികാരം നിലനിര്‍ത്തുകയും ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് ബോധവത്കരിച്ച് മുന്നോട്ടുകൊണ്ടുവരികയെന്ന വെല്ലുവിളിയാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനം നേരിടുന്നത്. മാവോയിസ്റ്റുകളാകട്ടെ, മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉപേക്ഷിച്ച് വിപ്ലവത്തെ ഏതാനും ധീരനായകരിലേക്ക്, തോക്കിന്‍ കുഴലിലേക്ക് ഒതുക്കി. രാജ്യമെങ്ങും വളര്‍ന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങളെ വളര്‍ത്തുന്നതില്‍ പങ്കാളികളാകുന്നതിന് പകരം വിപ്ലവത്തെ സ്ക്വാഡ് ആക്ഷനുകളാക്കി ചുരുക്കി. പതിറ്റാണ്ടുകള്‍ ഈ മാര്‍ഗം പിന്തുടര്‍ന്നിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു^കശ്മീരിലും കലാപകാരികള്‍ നേരിടുന്ന പ്രതിസന്ധി, എല്‍.ടി.ടി.യുടെ പതനം, നേപ്പാളിലെ മാവോയിസ്റ്റുകളുടെ നയംമാറ്റം ഇവയില്‍നിന്നൊന്നും പഠിക്കാന്‍ അവര്‍ തയാറാകുന്നില്ല.എന്തിന് ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമുണ്ടായ തിരിച്ചടികളില്‍നിന്നുപോലും പഠിക്കുന്നില്ല.

മാവോയിസ്റ്റുകളുടെ ഛത്തിസ്ഗഢ് ആക്രമണത്തെ കേന്ദ്രീകരിച്ച് വരുംനാളുകളില്‍ ഓപറേഷന്‍ ഗ്രീന്‍ഹണ്ട് കൂടുതല്‍ ശക്തമാക്കും. ഇപ്പോള്‍തന്നെ ജനകീയസമരങ്ങളെ അടിച്ചമര്‍ത്താന്‍ ആ പ്രദേശം മുഴുക്കെ മാവോയിസ്റ്റ് ഒളിത്താവളങ്ങളാണെന്ന് സര്‍ക്കാര്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റുകളെ വേട്ടയാടിപ്പിടിക്കുന്നതിനൊപ്പം പുതിയ കരിനിയമങ്ങള്‍ ഉപയോഗിച്ചും ഭരണകൂടഭീകരത പതിന്മടങ്ങ് വര്‍ധിപ്പിക്കും. എന്തുവിലകൊടുത്തും എത്ര നീചമായ ആക്രമണത്തിലൂടെയും ജനകീയ ചെറുത്തുനില്‍പ് തകര്‍ത്ത് നവ ഉദാര നയങ്ങള്‍അടിച്ചേല്‍പിക്കുക, ബഹുരാഷ്ട്ര^ കോര്‍പറേറ്റ്^മാഫിയ^ഊഹ മൂലധന ശക്തികള്‍ക്കായി രാജ്യത്തെ തുറന്നിടുക എന്നതാണ് ഭരണവര്‍ഗനയം. ഇവക്കെതിരെ രാജ്യവ്യാപകമായ ബഹുജന പ്രക്ഷോഭങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയാണ്,അങ്ങനെ ഈ നയങ്ങളെയും അവ അടിച്ചേല്‍പിക്കുന്ന ഭരണവ്യവസ്ഥയേയും പരാജയപ്പെടുത്തുകയും ജനകീയജനാധിപത്യത്തിലേക്ക് ജനങ്ങളെ നയിക്കുകയുമാണ് കമ്യൂണിസ്റ്റുകാരുടെ കടമ. ഈ വിപ്ലവപാത ഉപേക്ഷിച്ച്സി.പി.ഐയും സി.പി.ഐഎമ്മും വലതുപക്ഷ അവസരവാദത്തിലേക്കും ഭരണകൂടസേവയിലേക്കും അധഃപതിച്ചെങ്കില്‍ അവരുടെ വാദം പിന്തുടരുന്ന മാവോയിസ്റ്റുകളും ഫലത്തില്‍ വിപ്ലവമുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

അഭൂതപൂര്‍വമായ വിലക്കയറ്റവും തൊഴിലില്ലായ്മയും നവ ഉദാരനയങ്ങള്‍ക്ക് വേണ്ടിയുള്ളവ്യാപകമായ കുടിയിറക്കലും മാഫിയാവത്കരണവും എല്ലാംചേര്‍ന്ന് പുത്തന്‍ അധിനിവേശത്തിന് അധികമധികം അടിമപ്പെടുന്ന അവസ്ഥയില്‍ പാപ്പരാക്കപ്പെടുന്ന ആദിവാസികളും ദലിതരും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ജനകീയപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ മുമ്പോട്ടുവരുന്ന കാഴ്ചയാണ് രാജ്യത്തെങ്ങും. മാവോയിസ്റ്റുകളുടെ ഒറ്റപ്പെട്ട ആക്രമണങ്ങളെ പെരുപ്പിച്ചുകാട്ടി ഭരണകൂട ഭീകരത മറച്ചുവെച്ച് സാമ്രാജ്യത്വ ആഗോളീകരണത്തിന് വേഗത കൂട്ടാന്‍ കേന്ദ്ര^സംസ്ഥാനസര്‍ക്കാറുകള്‍ നടത്തുന്ന ആക്രമണങ്ങളെ തുറന്നുകാട്ടാനും ജനകീയ സമരങ്ങളെ പിന്തുണക്കാനും എല്ലാ പുരോഗന ശക്തികളും മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളുംSocialTwist Tell-a-Friend

No comments:

Post a Comment