Pages

Thursday, April 22, 2010

കണ്ടലില്‍ കുടിയിറക്ക്‌

(ടി.പി. പത്മനാഭന്‍മാസ്റ്റര്‍ മാതൃഭൂമിയില്‍ - 22-04-10- എഴുതിയത് ഇവിടെ കട്ടെഴുതുന്നു....)

പുന്നമരങ്ങള്‍ തിങ്ങിനില്‍ക്കുന്നതും കുളിര്‍മയുള്ളതും നറുമണം വീശുന്നതുമായ ചോല, ചെറിയ കണ്ണികളോടു കൂടിയ ഭംഗിയുള്ള വലകള്‍ വീശി പലതരം മീനുകളെ അകപ്പെടുത്താന്‍ നീണ്ട തോണിയിലെത്തുന്ന മീന്‍പിടിത്തക്കാര്‍, മഴയ്ക്കു മുന്‍പേ ചെളിക്കൂനകളുണ്ടാക്കി ഉപ്പിനേയും പ്രളയജലത്തേയും അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തുകള്‍ വിതയ്ക്കുന്നവര്‍, വിശാലമായ കറ്റക്കളത്തില്‍ വിളഞ്ഞ നെല്ല് പൊലിക്കൂട്ടുന്നവര്‍, മുറ്റിത്തഴച്ച കണ്ടല്‍ച്ചെടികളില്‍ കൂട്ടം കൂട്ടമായി ചേക്കേറുന്ന മൃദൃലങ്ങളായ തൂവലുകളോടുകൂടിയ നീര്‍പ്പറവകള്‍, മത്സ്യം കൊടുത്ത് പകരം കിട്ടിയ നെല്ലിന്റെ അരികൊണ്ട് പാകം ചെയ്ത വെളുത്ത നെല്ലരിച്ചോറിന് മീതെ അയിലമീനിട്ട് നെയ്ത്തുടുപ്പ് ചേര്‍ത്ത് പാകംചെയ്ത, പുളിങ്കറിയൊഴിച്ച് പൊരിച്ച ഉണക്കമീന്‍ കറിയോടുകൂടി ഊണു തയ്യാറാക്കിയിരുന്ന കുടുംബിനികള്‍, തീരത്തെ ഉയര്‍ന്ന പൊലിവുറ്റ മണല്‍പ്പരപ്പില്‍ യാതൊരല്ലലുമില്ലാതെ കിടന്നുറങ്ങുന്നവര്‍- സംഘകാലകൃതികളില്‍ 'നെയ്തല്‍' തിണകളിലെ ജീവിതരീതി വിവരിക്കുന്നതിങ്ങനെയാണ്.


തീരദേശ ആവാസവ്യവസ്ഥയാണ് നെയ്തല്‍. വിവിധതരത്തിലുള്ള ആമ്പലകള്‍ നിറഞ്ഞ നീര്‍ത്തടങ്ങള്‍കൂടിയാണിത്. പുഴകള്‍ കടലില്‍ ചേരുന്നതിന് മുന്‍പുള്ള കായലുകളും ചെളിവയലുകളും തണ്ണീര്‍ത്തടങ്ങളും കടലോരവും അവിടങ്ങളിലൊക്കെ സമൃദ്ധമായി വളരുന്ന കണ്ടല്‍ച്ചെടികളും അവയെ ആശ്രയിച്ച് ഉപജീവിക്കുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങളും തമ്മിലുള്ള പരസ്​പരാശ്രിതത്വത്തിന്റെ നേര്‍പടമാണ് നെയ്തല്‍ തിണകളിലെ വിവരണങ്ങളില്‍ കാണുന്നത്.

ആരോഗ്യകരമായി നില്‍ക്കുന്ന തീരദേശ ആവാസവ്യവസ്ഥകള്‍ ഇന്നില്ല. മനുഷ്യന്‍ കൈയേറി ശുഷ്‌കിപ്പിച്ച്, മാലിന്യങ്ങള്‍ തള്ളി ശേഷിപ്പിച്ചനിലയില്‍ കേരളത്തില്‍ മൊത്തം 11.58 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുമാത്രമാണ് കണ്ടല്‍ക്കാടുകളുള്ളത്. കേരള സര്‍ക്കാറിന്റെ 2005 ലെ ഇക്കണോമിക്ക് റിവ്യൂവിലെ വിസ്തൃതിയാണിത്. എറണാകുളത്ത് 1.77 ച.കി.മീറ്ററും കോഴിക്കോട്ട് 0.34 ച.കി.മീറ്ററും കണ്ണൂരില്‍ 9.43 ച.കി.മീറ്ററുമാണ് കണ്ടല്‍ക്കാടുകളുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ ധര്‍മടം, തലശ്ശേരി, പഴയങ്ങാടി, വളപട്ടണം, രാമപുരം, പെരുമ്പ എന്നീ പുഴയോരങ്ങളിലാണ് അല്പമെങ്കിലും കണ്ടല്‍ക്കാടുകള്‍ അവശേഷിക്കുന്നത്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും വേലിയേറ്റ-വേലിയിറക്കമുള്ള ചില പ്രത്യേക പ്രദേശങ്ങളില്‍ വളരുന്നതും ലവണസ്വഭാവമുള്ള ജലത്തെ ഉള്‍ക്കൊണ്ടു തദനുസൃതമായ അനുവര്‍ത്തനങ്ങള്‍ പരിണമിപ്പിച്ചെടുത്ത് വളരുന്നതുമായ വന ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. മരങ്ങളും കുറ്റിച്ചെടികളും വള്ളികളും പുല്ലും പന്നല്‍ച്ചെടിയും ആല്‍ഗകളും ഫംഗസ്സുകളും ലൈക്കനുകളും ഒക്കെ അടങ്ങിയ അതിസങ്കീര്‍ണമായ ജീവാഭയവ്യവസ്ഥയാണിത്.
ജൈവവൈവിധ്യം

29 കുടുംബങ്ങളിലായി 50 സ്​പീഷീസ് സസ്യങ്ങളാണ് കണ്ടല്‍ സഹചാരികളടക്കം കണ്ടല്‍ച്ചെടികളായി ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 25 കുടുംബങ്ങളിലായി 41 സ്​പീഷീസ് കണ്ടല്‍ച്ചെടികളുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുമാത്രം കാണുന്ന സൊണറേഷ്യയും ഇതില്‍ ഉള്‍പ്പെടുന്നു.

അനേകം ശുദ്ധജലമത്സ്യങ്ങളുടെയും കടലോരമത്സ്യങ്ങളുടെയും പ്രജനനകേന്ദ്രവും നഴ്‌സറിയുമാണ് കണ്ടല്‍ക്കാടുകള്‍. ആഴക്കടലുകള്‍ക്കും ശുദ്ധജലസ്രോതസ്സുകളുടെ ഉറവിടങ്ങളായ കാടുകള്‍ക്കും ഇടയില്‍ ദേശാടനം ചെയ്യുന്ന മത്സ്യങ്ങളുടെ ഇടത്താവളം കൂടിയാണ് ഇവ. ദേശാടകരായ ചില മത്സ്യങ്ങള്‍ ഭക്ഷണം ഉപേക്ഷിക്കുന്നതും ജലത്തിന്റെ സാന്ദ്രതാവ്യത്യാസത്തിനനുസരിച്ച് ജീവിക്കാനുള്ള അനുവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതും ഈ തീരദേശകാടുകളില്‍ വെച്ചാണ്.

ഇതിനൊക്കെ പരിരക്ഷ നല്‍കുമാറുള്ള താങ്ങുവേരുപടലങ്ങളും ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വളരുന്ന ശ്വസനമൂലങ്ങളും ചെടികള്‍ നല്‍കുന്ന തണുപ്പും ഇലകളും മറ്റു ജൈവവസ്തുക്കളും ചീഞ്ഞളിയുന്നതുവഴി ലഭിക്കുന്ന ആഹാരവും മഴവെള്ളത്തിലൊലിച്ചെത്തുന്ന പോഷകങ്ങളും വേലിയേറ്റത്തിന് കടലില്‍ നിന്നെത്തുന്ന ലവണങ്ങളും ഒക്കെച്ചേര്‍ന്ന് ജീവന്റെ ഗര്‍ഭഗൃഹമായി കണ്ടല്‍ക്കാടുകള്‍ ഓരോദിവസവും പരിവര്‍ത്തനപ്പെടുന്നു.

മരങ്ങളില്‍ ചേക്കേറുന്ന പക്ഷികളുടെ കാഷ്ടം വൈവിധ്യമാര്‍ന്ന പായലുകളുടെ ത്വരഗതിയിലുള്ള വളര്‍ച്ചയ്ക്ക് ശക്തിപകരും. വേലിയേറ്റ-വേലിയിറക്കങ്ങളും കടല്‍ക്കാറ്റും കരക്കാറ്റും ശുദ്ധജല-ലവണസങ്കലനവും ഒക്കെച്ചേര്‍ന്ന് ഈ മേഖല ഏറ്റവും അസ്ഥിരമായ ആവാസവ്യവസ്ഥയായി മാറും.

പൂക്കണ്ടല്‍, ഉപ്പട്ടി, സമുദ്രക്ക, ബിലാത്തി, ചുള്ളി തുടങ്ങി 13 കണ്ടല്‍സ്​പീഷീസുകളും , മച്ചും തോല്‍, കഴഞ്ചി, ഒതളം, പുഴമുല്ല, പുഴമുഞ്ഞ, നീര്‍പരുത്തി തുടങ്ങി 28 സ്​പീഷീസ് കണ്ടല്‍ സഹചാരികളും എരണ്ട, മീന്‍കൊത്തി, താമരക്കോഴി, കൊക്കുകള്‍, മുണ്ടി തുടങ്ങിയ 61 സ്​പീഷീസ് പക്ഷികളും കരിമീന്‍, ചൂട്ടാച്ചി, മാലാന്‍, തിരുത തുടങ്ങി 39 സ്​പീഷീസ് മത്സ്യങ്ങളും ഇളമ്പക്ക, കല്ലുമ്മക്കായ, മുരു തുടങ്ങി 16 തരം മൊളസ്‌ക്കവര്‍ഗങ്ങളും കാര, നാരന്‍, പൂവാലന്‍ തുടങ്ങി ഏഴു ചെമ്മീന്‍വര്‍ഗങ്ങളും ചിറ്റക്കൊഞ്ച് വര്‍ഗത്തില്‍ ഒരെണ്ണവും കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകളില്‍ കാണപ്പെടുന്നുണ്ട്.

വവ്വാലിന്റെ ഒരു വലിയ കോളനിതന്നെ തലശ്ശേരിയിലെ കണ്ടല്‍ക്കാടുകളിലുണ്ട്. നീര്‍നായ, കാട്ടുപൂച്ച, കല്ലുമെരു, കീരി തുടങ്ങിയവയും ഇവിടങ്ങളില്‍ കാണപ്പെടുന്നു. വളരെ അടുത്തകാലം വരെ ഈ നീര്‍ത്തടങ്ങളില്‍ മുതലകളുമുണ്ടായിരുന്നു. ചെറിയ പായല്‍സസ്യങ്ങളില്‍ തുടങ്ങി വരാലിലൂടെ മുതലകളിലും നീര്‍നായകളിലും എത്തിനില്‍ക്കുന്ന ഭക്ഷ്യശൃംഖലയെ പരിപോഷിപ്പിച്ച ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍.

നഗരമാലിന്യങ്ങളുടെ ശുദ്ധീകരണം, കൊടുങ്കാറ്റുകളെയും തിരമാലകളെയും തടഞ്ഞുവെക്കല്‍, പ്രാദേശികമായുള്ള സൂക്ഷ്മകാലാവസ്ഥാനിയന്ത്രണം എന്നീ പാരിസ്ഥിതിക സേവനങ്ങള്‍ക്ക് പുറമെ വിറക്, കന്നുകാലിത്തീറ്റ, മത്സ്യബന്ധനം, കോര്‍ക്ക് നിര്‍മാണം, ഔഷധസസ്യശേഖരണം, തേന്‍ സംഭരണം, കൈതോലകളുടെ സംഭരണം എന്നിവയ്ക്കായി കണ്ടല്‍ക്കാടുകളെ നേരിട്ട് ആശ്രയിച്ചിരുന്നു. ആഗോള താപനത്തിന് കാരണമായ കാര്‍ബണ്‍ ഡൈഓക്‌സൈഡ് സംഭരണവുമായി ബന്ധപ്പെട്ട് കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ആഗോള അജന്‍ഡയായി മാറിക്കഴിഞ്ഞു.

തണ്ണീര്‍ത്തട സംരക്ഷണത്തിന് ആഗോളതലത്തിലുണ്ടായ ആദ്യസംരംഭമാണ് 1971ലെ റാംസര്‍ കണ്‍വെന്‍ഷന്‍. 2005 ലെ മില്ലേനിയം ആവാസവ്യവസ്ഥാവലോകനത്തില്‍ ആഗോള തണ്ണീര്‍ത്തട ആവാസവ്യവസ്ഥകള്‍ നല്‍കുന്ന സേവനത്തിന് മൂല്യം കണക്കാക്കിയാല്‍ അത് വര്‍ഷംപ്രതി 1,40,000 കോടി ഡോളര്‍ വരുമെന്നാണ് റാംസര്‍ സെക്രട്ടറി ജനറല്‍ അനാഡാ ടൈഗ പറയുന്നത്.

പാപ്പിനിശ്ശേരിയിലെ തീം പാര്‍ക്ക്

ഈ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയുടെ വടക്കേക്കരയില്‍ പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി നടപ്പാക്കുന്ന കണ്ടല്‍തീം പാര്‍ക്കിനെ വിലയിരുത്തേണ്ടത്.

നാഷനല്‍ ഹൈവേയില്‍ വളപട്ടണം പാലത്തിന്റെ വടക്കുഭാഗത്തുള്ള ആദ്യത്തെ രണ്ട് തൂണുകള്‍ക്കിടയില്‍ ചെങ്കല്‍ക്കുന്ന് ഇടിച്ച് കൊണ്ടുവന്ന ചെമ്മണ്ണ് ഇട്ട് നികത്തിയിരിക്കുന്നു. വളപട്ടണം പുഴയിലേക്ക് മരക്കുറ്റികള്‍ നാട്ടി പുഴ കൈവശപ്പെടുത്തിയിരിക്കുന്നു. പുഴയില്‍ രണ്ടു ജെട്ടികള്‍ കെട്ടിയിരിക്കുന്നു. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന വാച്ചാല്‍ തോടിനു മുകളില്‍ നടപ്പാലം നിര്‍മിച്ചിരിക്കുന്നു. ചെങ്കല്ല്, കരിങ്കല്ല്, ചെമ്മണ്ണ് എന്നിവ ഉപയോഗിച്ച് കണ്ടല്‍ക്കാടിനുള്ളിലൂടെ അഞ്ച്മീറ്റര്‍ മുതല്‍ എട്ട്മീറ്റര്‍ വരെ വീതിയില്‍ മൂന്ന് കിലോമീറ്ററോളം റോഡ് നിര്‍മിച്ചിരിക്കുന്നു.

മത്സ്യം വളര്‍ത്താന്‍ അരയേക്കര്‍ സ്ഥലത്ത് കുളമാക്കിമാറ്റിയിരിക്കുന്നു. നീക്കം ചെയ്ത മണ്ണ് ഉപയോഗിച്ച് കോണ്‍ഫ്രന്‍സ് നടത്താനുള്ള പ്ലാറ്റ് ഫോം ഉണ്ടാക്കി. കണ്ടല്‍ മരത്തിന് മുകളില്‍ രണ്ട് തട്ടുള്ള ഏറുമാടം കെട്ടിയിട്ടുണ്ട്. കണ്ടല്‍ മരക്കൊമ്പുകളിലൂടെ പുഴയില്‍ നിര്‍മിച്ചിരിക്കുന്ന കുടിലിലേക്ക് എത്താന്‍ തൂണുകളിലൂടെയുള്ള 'ഹൈവേ'യും ഉണ്ട്. രാത്രികാലങ്ങളില്‍ നാനാവര്‍ണത്തിലുള്ള വൈദ്യുത ദീപങ്ങളാല്‍ കണ്ടല്‍ക്കാട് അലങ്കാരമാണ്. 15 ഏക്കര്‍ ഭൂമിയില്‍ പുഴയില്‍ നിന്ന് പത്ത് മീറ്റര്‍ അകലത്തിലാണ് ഇത്രയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.

കടലാസില്‍ ഉറങ്ങുന്ന നിയമങ്ങള്‍

തണ്ണീര്‍ത്തട- തീരസംരക്ഷണത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം 1991 ല്‍ തീരദേശത്തെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു വിജ്ഞാപനമിറക്കുകയുണ്ടായി. അതുപ്രകാരം കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍-1 ഏറ്റവും പ്രാധാന്യമേറിയ, പാരിസ്ഥിതികമായി ഏറ്റവും ദുര്‍ബലമായ പ്രദേശമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. കണ്ടല്‍ക്കാടുകള്‍ ഇതില്‍പ്പെടുന്ന മേഖലയാണ്. ഇവിടെ ചെടികള്‍ വെട്ടരുതെന്നുമാത്രമല്ല ഒരുതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കുന്നില്ല.

ആദിവാസികള്‍ക്ക് വനഭൂമി പതിച്ചുനല്‍കുന്നതിന്റെ ഭാഗമായി പകരം വനഭൂമി കണ്ടെത്തി റിസര്‍വ് വനമായി കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചത് വളപട്ടണം പുഴയോരത്തെ കണ്ടല്‍ക്കാടുകളാണ്. ഇവയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച മൂന്ന് കോടി രൂപയില്‍ ലഭിച്ച ഒരുകോടി രൂപ ചെലവഴിക്കേണ്ടത് ഈ വന റിസര്‍വ് സംരക്ഷിക്കാന്‍ കൂടിയാണ്.

2005 ലെ 'പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയ' നിയമപ്രകാരം അര ഏക്കറില്‍ കൂടുതല്‍ കണ്ടല്‍ക്കാടുകളുണ്ടെങ്കില്‍ അത് സംരക്ഷിത വനമായാണ് കണക്കാക്കുന്നത്. ഏതെങ്കിലും ആവശ്യത്തിന് ഇത് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാറില്‍ നിന്ന് പ്രത്യേകം അനുമതി നേടിയിരിക്കണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയാകില്ല. കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തത് ഈ നിയമം ഉപയോഗിച്ചാണ്.

പാപ്പിനിശ്ശേരിയില്‍ ഇപ്പോള്‍ പണിതിരിക്കുന്ന ജട്ടികളും കുടിലുകളും നടപ്പാതകളും റോഡുകളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒക്കെ പരമ്പരാഗത മത്സ്യം പിടിക്കലിനും ഓര് നെല്‍കൃഷിക്കും തടസ്സമാകും. വിനോദ സഞ്ചാരികള്‍ കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാടുകള്‍ കൈയേറി നികത്തും. സഞ്ചാരികളുടെ മലമൂത്ര മാലിന്യങ്ങള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് പൊതികള്‍ എന്നിവ വെള്ളത്തിന്റെയും മണ്ണിന്റെയും ഘടന മാറ്റും. ടോയ്‌ലറ്റുകള്‍ അണുമുക്തമാക്കാനും ശുചീകരിക്കാനുമുള്ള രാസ ലോഷനുകള്‍ കിലോമീറ്ററുകളോളം മണ്ണിലും വെള്ളത്തിലും പടര്‍ന്ന് സൂക്ഷ്മ പ്ലാങ്ക്ടണുകളേയും ആല്‍ഗകളേയും നശിപ്പിക്കും.

ജൈവാവശിഷ്ടങ്ങളില്‍ ഫംഗസ്സുകളും ബാക്ടീരിയകളും പെരുകും. ഇതുവഴി മണ്ണിലുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ്
അനൈറോബിക്ക് അവസ്ഥയുണ്ടാക്കും. കണ്ടല്‍ക്കാടുകളെ രോഗികളാക്കി ഉണക്കിക്കൊല്ലാന്‍ ഇതുവഴിവെക്കും.
പൊതുവെ മണ്ണില്‍ വായു കുറഞ്ഞ ചെളിപ്രദേശങ്ങളിലാണ് കണ്ടല്‍വളരുക. അതുകൊണ്ടാണ് ചെടികള്‍ക്ക് മണ്ണിന് മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ശ്വസനവേരുകള്‍ കാണുന്നത്. ശ്വസന വേരുപടലങ്ങളെല്ലാം ചെമ്മണ്ണ് ഇട്ട് നികത്തിയശേഷം ഒരു കണ്ടല്‍ച്ചെടിയും വെട്ടിയിട്ടില്ല എന്നു പറയുന്ന പാര്‍ക്ക് അധികൃതരുടെ പാരിസ്ഥിതിക നിരക്ഷരതയെക്കുറിച്ച് എന്തുപറയാന്‍?

(ലേഖകന്‍ 'സീക്ക് ' ഡയറക്ടറും 'സൂചിമുഖി' മാസിക പത്രാധിപരുമാണ് )
കണ്ടലില്‍ കുടിയിറക്ക്‌SocialTwist Tell-a-Friend

3 comments:

  1. നന്ദി.
    മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം.

    ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം.

    ReplyDelete
  2. "കണ്ണൂര്‍ ജില്ലയില്‍ മാത്രം 25 കുടുംബങ്ങളിലായി 41 സ്​പീഷീസ് കണ്ടല്‍ച്ചെടികളുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുമാത്രം കാണുന്ന സൊണറേഷ്യയും ഇതില്‍ ഉള്‍പ്പെടുന്നു.പൂക്കണ്ടല്‍, ഉപ്പട്ടി, സമുദ്രക്ക, ബിലാത്തി, ചുള്ളി തുടങ്ങി 13 കണ്ടല്‍സ്​പീഷീസുകളും , മച്ചും തോല്‍, കഴഞ്ചി, ഒതളം, പുഴമുല്ല, പുഴമുഞ്ഞ, നീര്‍പരുത്തി തുടങ്ങി 28 സ്​പീഷീസ് കണ്ടല്‍ സഹചാരികളും എരണ്ട, മീന്‍കൊത്തി, താമരക്കോഴി, കൊക്കുകള്‍, മുണ്ടി തുടങ്ങിയ 61 സ്​പീഷീസ് പക്ഷികളും കരിമീന്‍, ചൂട്ടാച്ചി, മാലാന്‍, തിരുത തുടങ്ങി 39 സ്​പീഷീസ് മത്സ്യങ്ങളും ഇളമ്പക്ക, കല്ലുമ്മക്കായ, മുരു തുടങ്ങി 16 തരം മൊളസ്‌ക്കവര്‍ഗങ്ങളും കാര, നാരന്‍, പൂവാലന്‍ തുടങ്ങി ഏഴു ചെമ്മീന്‍വര്‍ഗങ്ങളും ചിറ്റക്കൊഞ്ച് വര്‍ഗത്തില്‍ ഒരെണ്ണവും കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകളില്‍ കാണപ്പെടുന്നുണ്ട്"

    ഈ തലമുറയില്‍ ആര്‍ക്കെങ്കിലും ഇതിനെ ഒക്കെ അറിയാമോ ? വരും തലമുറക്ക് ഇതൊക്കെ ദിനോസര്‍ പോലെ എന്തോ ആയി മാറും .... ബട്ട് അന്നും സഖാക്കള്‍ ഫോട്ടോയിലും ഓര്‍മ്മക്കുറിപ്പുകളിലും ഓര്മ്മിക്കപ്പെടും ...!!!

    ഗോഡ്സ് ഓണ്‍ കണ്ട്റീസ് ..!

    ReplyDelete